കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: സിവിക് ചന്ദ്രൻ വടകര ഡിവൈ.എസ്.പി ഓഫിസിൽ കീഴടങ്ങി


കൊയിലാണ്ടി: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. രാവിലെ 9 മണിയോടെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി വൈ എസ് പി ക്ക് മുന്നിലാണ് കീഴടങ്ങിയത്. ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഇയാൾ വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റ മുമ്പിൽ ഹാജരായത്.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് രേഖപെടുത്തുകയാണെങ്കിൽ സിവിക് ചന്ദ്രനെ ഇന്ന് തന്നെ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കണം എന്നാണ് കോടതി ഉത്തരവ്. ജാമ്യാപേക്ഷ നൽകുന്ന പക്ഷം അന്ന് തന്നെ പരിഗണിക്കണമെന്നും എത്രയും വേഗം തീർപ്പു കല്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഈ വർഷം ഏപ്രിൽ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്‌. കൊയിലാണ്ടി സ്റ്റേഷനിലാണ് ഇയാൾക്കെതിരെയുള്ള രണ്ടു പീഡന പരാതികളും രജിസ്റ്റർ ചെയ്തിരുന്നത്. പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാൻ വേണ്ടിയുള്ള വകുപ്പുകൾ ചേർത്തതിനാൽ കേസ്‌ വടകര ഡിവൈഎസ്പിക്ക്‌ കൈമാറുകയായിരുന്നു.

ഒക്ടോബർ ഇരുപത്തിരണ്ടിനു കൊയിലാണ്ടയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. കൊയിലാണ്ടി സിഐ കെ.ആർ.രഞ്ജിത്ത് മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്. പോലീസ് ഇയാളുടെ മൊഴിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ശേഷം ഒരു ലക്ഷം രൂപയും രണ്ടു പേരുടെ ആള്‍ജാമ്യത്തിലും ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നും നിർദ്ദേശം നൽകി. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ
രണ്ടാമത്തെ കേസെടുത്തത്.

കൊയിലാണ്ടി സ്വദേശിനിയായ എഴുത്തുകാരിക്കെതിരായ ലൈംഗികാതിക്രമത്തിലാണ് സിവിക് ചന്ദ്രനെതിരെ ആദ്യം പരാതി ഉയർന്നത്. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നത്. 2022 ജൂലായ് 15നാണ് സിവിക് ചന്ദ്രനെതിരെ ആദ്യത്തെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.

2020 ഫെബ്രുവരി 18 ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ആണ് കൊയിലാണ്ടി പോലീസ് രണ്ടാമത്തെ കേസെടുത്തത്. പരാതി ലഭിച്ച അന്ന് തന്നെ ഇരയുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.