‘ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല എന്ന വിവാദ ഉത്തരവ്; സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവ് ഇറക്കിയ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയെ സ്ഥലംമാറ്റി


കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീ‍ഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവില്‍ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റം. മുരളീകൃഷ്ണൻ എസ് കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജഡ്ജിയായി സ്ഥാനമേൽക്കും.

സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലെ ജാമ്യ ഉത്തരവിനിടയിൽ ഇയാൾ വിവാദ പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല എന്നായിരുന്നു ഉത്തരവിൽ എഴുതിയിരുന്നത്. ഇതിനെതിരെ വൻ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വസ്തുതകൾ പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം നൽകിയതെന്നും സർക്കാർ വ്യക്തമാക്കി.

പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് ഉത്തരവിൽ പരാമർശിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവതിയും രംഗത്തു വന്നിരുന്നു. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി.


സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ആദ്യ കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിൽ വിമർശനം ഉയരുന്നുണ്ട്. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതി പറഞ്ഞത്.

Summary: civic chandran case controversial bail order kozhikode sessions court judge transferred