‘പൊതു ഇടങ്ങള്‍ സ്ത്രീകളുടേത് കൂടിയാണെന്ന് ഉറപ്പാക്കുക, അവരുടെ സാമൂഹിക സാംസ്‌കാരിക ആവിഷ്‌കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് നേടുക’; ചുവട് 2023- പേരാമ്പ്രയിലെ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം


പേരാമ്പ്ര: കുടുംബശ്രീ 25-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പേരാമ്പ്രയിലെ 365 അയല്‍ക്കൂട്ടങ്ങളിലും ചുവട് 2023 എന്ന പേരില്‍ ഇന്ന് അയല്‍ക്കൂട്ട സംഗമം നടത്തും. അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ കുടുംബശ്രീ വനിതകള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളാകും.

25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, വൃത്തിയുള്ള പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്ുയം. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ എ.ഡി.എസ്. (ഏരിയ ഡെവലപ്മെന്റ് സൊസൈറ്റിക്ക്) കൈമാറും.

ഇത് സി.ഡി.എസ്. തലത്തില്‍ ക്രോഡീകരിച്ച് സി.ഡി.എസ്. തല വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കും. നാളെ ആരംഭിച്ച് മെയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ്മപരിപാടികള്‍ക്കാണ് കുടുംബശ്രീ തുടക്കമിടുന്നതെന്ന് പേരാമ്പ്ര കുടുംബശ്രീ സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ജിജി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓരോ അയല്‍ക്കുട്ടങ്ങളും അവര്‍ തയ്യാറാക്കിയ അയല്‍ക്കൂട്ട സംഗമ ഗാനം അവതരിപ്പിക്കും. അതിനുശേഷം അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം കാണും. ഇതിനുശേഷമാണ് വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുക.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിതനിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമായി അയല്‍ക്കൂട്ട സംഗമത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.

രജതജൂബിലി ആഘോഷങ്ങള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോഷിക്കുകയും കേരളം ആകെ അറിയിക്കുകയും ചെയ്യുക, പൊതു ഇടങ്ങള്‍ സ്ത്രീകളുടേത് കൂടിയാണെന്നും അവരുടെ സാമൂഹിക സാംസ്‌കാരിക ആവിഷ്‌കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുകയും ചെയ്യുക എന്നത് ചുവട് 2023 ന്റെ പ്രധാന ലക്ഷ്യങ്ങളാണ്. അയല്‍ക്കൂട്ട സംഗമം ആകര്‍ഷകമാക്കുന്നതിന് അയല്‍ക്കുട്ട അംഗങ്ങളുടെ കലാ പരിപാടികള്‍ നടക്കും. തുടര്‍ന്ന് സംഗമം ദീപം തെളിയിച്ച് സമാപിപ്പിക്കും.

പ്ലാസ്റ്റിക്ക് മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പരിപാടിയുടെ ഭാഗമായുള്ള പോസ്റ്ററുകളും ബാനറുകളുമെല്ലാം നിര്‍മ്മിക്കുന്നത് തുണികളിലും മെടഞ്ഞ ഓലയിലുമാണ്. കൂടാതെ ചുവരെഴുത്തും നടത്തി.

summary: chuvad 2023- kudumbasree silver jubilee celebration in perambra started today