ഓണത്തിന് പുറകെ ക്രിസ്തുമസ്സിനും റംസാനും സ്പെഷ്യൽ ഭക്ഷ്യക്കിറ്റുകൾ; വിശദ വിവരങ്ങളറിയാം


കോഴിക്കോട്: ഓണത്തിന് മാത്രമല്ല, ഇനിയും ക്രിസ്തുമസ്സിനും റംസാൻ ഉത്സവങ്ങളോടനുബന്ധിച്ച് സ്പെഷൽ ഭക്ഷ്യക്കിറ്റുകൾ കിട്ടും.

ഈ വർഷം മുതൽ ആണ് ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്പെഷൽ ഭക്ഷ്യക്കിറ്റുകൾ വിൽപന ആരംഭിക്കുക എന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

സപ്ലൈകോ സൂപ്പർ മാർക്കെറ്റുകളിലൂടെയാണ് 1000 രൂപയുടെ സ്പെഷൽ കിറ്റുകളുടെ വിൽപന നടക്കുക. കിറ്റിലുള്ള അവശ്യസാധനങ്ങൾക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങൾ കൂടി തെരഞ്ഞെടുക്കാം.

പത്തിൽ കൂടുതൽ കിറ്റ് ഓർഡർ ചെയ്താൽ സാധനം സ്ഥലത്തെത്തിച്ചു കൊടുക്കും. സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഓർഡർ ശേഖരിക്കുന്നതായിരിക്കും.

ഓരോ 50 കിറ്റുകൾക്കും നറുക്കെടുപ്പിലൂടെ ഒരു സമ്മാനവും ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു. ടാർഗറ്റിൽ കൂടുതൽ വിൽപന നടത്തുന്ന സൂപ്പർമാർക്കറ്റുകളിലെ ജീവിനക്കാർക്ക് ഇൻസെന്റീവ് നൽകുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് എല്ലാ മുൻഗണനേതര കാർഡ് ഉടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.