കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത റോഡുകൾ പൂർവ്വസ്ഥിതിയിലാക്കിയില്ലെന്ന് ആരോപണം; ജലജീവൻ മിഷൻ പ്രവൃത്തിക്കെതിരെ പ്രതിഷേധവുമായി ചോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
വടകര: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ റോഡുകളും കുഴിയെടുത്തത് പൂർവ്വസ്ഥിതിയിലാക്കിയില്ലെന്ന് ആരോപണം. മാസങ്ങൾക്ക് മുമ്പ് കോൺഗ്രീറ്റ് ചെയ്ത റോഡുകൾ അടക്കം പൊട്ടിച്ച് പൈപ്പ് ഇട്ടിരുന്നു. എന്നാൽ ഇവയൊന്നും പുർവ്വസ്ഥിതിയിലാക്കാതെയുമാണുള്ളത്. അതിനാൽ സ്കൂൾ വാഹനങ്ങൾ അടക്കം അപകടങ്ങളിൽപ്പെടുന്നത് പതിവാകുകയാണെന്ന് ചോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആരോപിച്ചു.
റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുമെന്നാണ് കരാർ. എന്നാൽ കുഴിയെടുത്ത് മൺനികത്തിവർഷങ്ങളായിട്ടും യഥാവിധി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിട്ടില്ല. ഫണ്ടിന്റെ ലഭ്യത കുറവ് ചൂണ്ടിക്കാണിച്ച് റോഡ് പൂർവ്വസ്ഥിതിയിലാക്കാതെ മറ്റ് പ്രവർത്തികൾ നടത്തുകയുമാണ് കരാറുകാരെന്നും ആക്ഷേപമുണ്ട്.
ഉയർന്ന സ്ഥലങ്ങളിലെ റോഡുകളിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങൾ മഴ ശക്തമായി പെയ്തതോടെ പൂർണ്ണമായും ഒഴുകിപ്പോയിട്ട് വലിയ ഗർത്തങ്ങളായിരിക്കുകയാണ്. വീടുകൾക്ക് കണക്ഷൻ കൊടുക്കുന്നതിനായ് റോഡിനു കുറുകെ വെട്ടിപ്പൊളിച്ച് വേണ്ട രീതിയിൽ നികത്താത്തത് കാരണം ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽജനപ്രതിനിധികൾ ഒന്നടങ്കം ജലജീവൻ മിഷൻ കരാർ പ്രവൃത്തിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.
ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ സി നാരായണൻ, അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, വി.പി.അബൂബക്കർ, മനീഷ് കുമാർ ടി.പി., ആബിദ വി.സി, ലിസി പി, സജിതകുമാരി എന്നിവർ ചേർന്ന് വടകര വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനിയറുടെ ചേംബറിൽ എത്തി അധികൃതരോട് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു. അധികൃതരുടെ നിർദ്ദേശപ്രകാരം ഗ്രൂപ്പ് പരിശോധന തിങ്കളാഴ്ച്ച പത്ത് മണി മുതൽ നടത്തും. റോഡുകൾ ഗതാഗത യോഗ്യമാക്കാത്തപക്ഷം പണി തുടരാൻ അനുവദിക്കില്ലെന്ന് പ്രസിഡണ്ട് ചന്ദ്രശേഖരൻ വ്യക്തമാക്കി.