വയോജന സൗഹൃദമാവാനൊരുങ്ങി ചോറോട് പഞ്ചായത്ത്; വാർഡുകളിൽ വയോജന ക്ഷേമ പദ്ധതികൾ


ചോറോട്: ചോറോട് പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആയി മാറ്റുന്നതിൻ്റെ ഭാഗമായി വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പതിനൊന്നാം വാർഡ് വികസന സമിതി യോഗം തീരുമാനിച്ചു. വാർഡിൽ ഒക്ടോബർ 4 ന് വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് വൈക്കിലശ്ശേരി തെരുവിൽ വാർഡിലെ വയോജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.

59 വയസ്സ് പൂർത്തിയായ മുഴുവൻ പേരെയും പക്കെടുപ്പിക്കുവാനുള്ള പ്രവർത്തനങ്ങളാണ് വികസന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്. വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. എം.അശോകൻ, വി. അനിൽകുമാർ മാസ്റ്റർ, എം.ടി.കെ സുരേന്ദ്രൻ, ബിജു വി.ടി.കെ, ശശി പി.കെ, ചന്ദ്രൻ സി.പി, എം. രാജിവൻ, പ്രജീഷ് വി.എം.ധനശേഖരൻ, കെ. കുഞ്ഞിരാമൻ, അജീഷ് കെ.ടി.കെ എന്നിവർ സംസാരിച്ചു.

ചോറോട് ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആയി മാറ്റുന്നതിനായ് വിവിധ പദ്ധതികൾ നടപ്പിലാക്കുകയാണ്. ഇതിൻ്റെ ഭാഗമായി പഞ്ചായത്ത് തല ശിൽപ്പശാല കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. 21 വാർഡുകളിലും വാർഡ് തല വയോജന കമ്മിറ്റികൾ രൂപീകരിക്കും.

വാർഡുകളിൽ അമ്പത് വീടുകൾക്ക് ഒരു വയോജന ക്ലബ്ബ് എന്ന നിലയിൽ കുടുംബശ്രീ അയൽക്കൂട്ടം മാതൃകയിൽ വയോജന കമ്മിറ്റികൾ രൂപീകരിക്കും. വയോജന ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക, വിനോദ പരിപാടികൾ സംഘടിപ്പിക്കുക, സായാഹ്ന സൗഹൃദകേന്ദ്രങ്ങൾ നിർമ്മിക്കുക തുടങ്ങി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നു.

Summary: Chorod Panchayat to become elderly friendly; Elderly welfare schemes in wards