കിടപ്പുരോഗികളെ ഹൃദയത്തോട് ചേർത്ത് ചോറോട് ഗ്രാമ പഞ്ചായത്ത്; ബോട്ട് യാത്രയും കലാപരിപാടികളുമായി പാലിയേറ്റിവ് കുടുംബ സംഗമം


വടകര: ചോറോട് ഗ്രാമ പഞ്ചായത്തിലെ കിടപ്പുരോഗികളുടെ സംഗമം ഇരിങ്ങൽ സർഗാലയിൽ വച്ച് നടന്നു. പഞ്ചായത്ത് ഭരണ സമിതിയുടെയും ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുബ സംഗമം പഞ്ചായത്ത് പ്രസിഡൻറ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് രേവതി പെരുവണ്ടിയിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ബിജുനേഷ് എസ് എൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.നാരായണ മാസ്റ്റർ സ്വാഗതവും കെ.കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

സ്ഥിരം സമിതി ചെയർമാൻമാരായ കെ മധുസൂദനൻ, ശ്യാമള പുവേരി, ജനപ്രതിനിധികളായ ജംഷീർ ടീച്ചർ, അബൂബക്കർ വി.പി, പ്രസാദ് വിലങ്ങിൽ, പ്രിയങ്ക സി.പി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ സജീവൻ, രാജേഷ് ചോറോട്, കെ.എം നാരായണൻ, ഒ.എം അസീസ് മാസ്റ്റർ, പി.പി സുരേന്ദ്രൻ, രാജേഷ് കെ.പി, പഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ എന്നിവർ സംസാരിച്ചു.

തുടർന്ന് മധുരഗീതങ്ങൾ, ഒപ്പന, നാടൻ പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. സന്തോഷകരമായ ബോട്ട് യാത്ര കൂടി നടത്തിയാണ് കിടപ്പു രോഗികളും കുടുംബാംഗങ്ങളും മടങ്ങിയത്. പരിപാടിയിൽ പങ്കെടുത്ത കിടപ്പു രോഗികളായ മുഴുവൻ അതിഥികൾക്കും പാലിയേറ്റിവ് കമ്മിറ്റി വകയും കുടുംബശ്രീ സി.ഡി.എസിന്റെ വകയും ഗിഫ്റ്റുകൾ നൽകി.

Summary: Chorod Grama Panchayat, taking inpatients to heart; Palliative family reunion with boat trip and art performances