അവര്‍ പഠിച്ച് വളരട്ടേ, അംഗവന്‍വാടി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി ചിരുതകുന്നിലെ തരംഗം ക്ലബ്ബ്


പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചിരുതകുന്ന് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തരംഗം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ അംഗന്‍വാടി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണം വിതരണം ചെയ്തു. ക്ലബ്ബ് നടത്തിയ ‘കുരുന്നുകള്‍ക്കൊപ്പം’ പരിപാടിയുടെ ഭാഗമായാണ് പഠനോപകരണം വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത് നിര്‍വഹിച്ചു. പഠനോപകരണം വിതരണോദ്ഘാടനം മുന്‍ വാര്‍ഡ് മെമ്പര്‍ ടിം.എം കൃഷ്ണന്‍ നിര്‍വഹിച്ചു.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ കുട്ടിസമ്പാദ്യപദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് കോയിന്‍ ബോക്‌സും വിതരണം ചെയ്തു. നേരത്തെ ലോക്ക്ഡൗണ്‍ സമയത്ത് 100 വീടുകളില്‍ പച്ചക്കറി കിറ്റും, ആക്രി സാധനങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് അത് വിറ്റ് കിട്ടിയ തുക ഉപയോഗിച്ച് 100 ഓളം കുട്ടികള്‍ക്ക് പഠനകിറ്റും നല്‍കി ക്ലബ്ബ് ജനശ്രദ്ധ നേടിയിരുന്നു. ചടങ്ങില്‍ എല്‍.എസ്.എസ്-യു.എസ്.എസ് വിജയികളെ അനുമോദിക്കുകയും ചെയ്തു.

സായന്ത് കോരന്‍സ് അദ്ധ്യക്ഷത വഹിച്ചു. സുധി പരാണ്ടിയില്‍, ലളിത കുറ്റിക്കാട്ടില്‍, വാസുമാസ്റ്റര്‍, രാധ പിലാതോട്ടത്തില്‍, ബലഭദ്രന്‍ തീരുവോത്ത്, സജീന വികെ, ടി. സി മുഹമ്മദ്, അഭിലാഷ് തിരുവോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് അജയ് വിഷ്ണു സ്വാഗതവു ഭഗത്ത് രാജ് കോരന്‍സ് നന്ദിയും പറഞ്ഞു.