‘പരിപാടികൾക്കിനി കസേരകളും ടേബിളുകളും വാടകക്കെടുക്കേണ്ട’; ജനകീയ കസേരകൾ നാടിന് സമർപ്പിച്ച് ചിരുതകുന്നിലെ തരംഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്
പേരാമ്പ്ര: ചിരുതകുന്നിലെ തരംഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിച്ച് വാങ്ങിയ ജനകീയ കസേരകളും ടേബിളുകളും നാടിന് സമർപ്പിച്ചു. ക്ലബ്ബ് ഭാരവാഹികളും പ്രദേശത്തെ കുടുംബശ്രീ ഭാരവാഹികളും വാർഡ് മെമ്പർവിനോദ് തിരുവോത്തും ചേർന്നാണ് സാധനങ്ങൾ നാടിന് സമർപ്പിച്ചത്. ക്ലബ്ബിന്റെ പ്രവർത്തന പരിധിയിലെ വീടുകളിലേക്കും സംഘടനകൾക്കും കസേരകളും മേശകളും ഇനി സൗജന്യമായി ഉപയോഗിക്കാം.
പരിപാടിയുടെ ഭാഗമായി കേരള പി.എസ്.സി എൽ.പി.എസ്.എ പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ അനുപമ. കെ, എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷ വിജകളെയും അനുമോദിച്ചു.
നിരവധി വ്യത്യസ്തമാർന്ന പരിപാടികളാണ് തരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. കഴിഞ്ഞ രണ്ട് അധ്യയന വർഷം ആരംഭിച്ചപ്പോൾ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും പഠനോപകരണവിതരണം ചെയ്‌ത് ക്ലബ്ബ് വാർത്തകളിൽ ഇടം നേടിയിരുന്നു. കൊറോണ കാലത്ത് സൗജന്യ പച്ചക്കറി കിറ്റ്, കുട്ടികൾക്കായി സൗജന്യ പഠനയാത്ര തുടങ്ങീ വ്യത്യസ്തമാർന്ന പരിപാടികളാണ് ക്ലബ്ബ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയത്.
അജയ് വിഷ്ണു സ്വാഗതം പറഞ്ഞ ചടങ്ങിൽ സായന്ത് കോരൻസ് അധ്യക്ഷത വഹിച്ചു. വാസുമാസ്റ്റർ, സുനിത തിരുവോത്ത്, ടി.സി.മുഹമ്മദ്, ബലഭദ്രൻ തിരുവോത്ത്, ദിലീപ് പേരാമ്പ്ര, സാവിത്രി തിരുവോത്ത്, ലളിത കുറ്റിക്കാട്ടിൽ, സെറീന പിലാത്തതോട്ടത്തിൽ, പി.കെ.സന്തോഷ് എന്നിവർ സംസാരിച്ചു. വിവിധ കുടുംബശ്രീ- വനിതാ സംഘം ഭാരവാഹികൾ, മെമ്പർമാർ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Summary: Chiruthakunnu tharamgam arts and sports club donate free chirs and tables