പ്രത്യാശയുടെ പുലരിയുമായി ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി, ഇനി സമൃദ്ധിയുടെ നാളുകള്‍
മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.
കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.
വർണ്ണകളുടെയും സമൃദ്ധിയുടെയും നാളുകളായിരുന്നു മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. എന്നാൽ കാലം മാറി, കാലാവസ്ഥയും മാറിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അപ്രതീക്ഷിതമായി എത്തിയ പേമാരി വിളവുകൾ പലയിടത്തും നശിപ്പിച്ചെങ്കിലും പുതുവർഷത്തിൽ എങ്ങും നന്മയും സമ്പൽ സമൃദ്ധിയും വിളയുമെന്ന പ്രതീക്ഷയോടെ ഓരോ മലയാളിയുടെയും ഇന്നേ ദിനം ആരംഭിക്കുകയാണ്. ഒപ്പം ആകുലതകുളുടെ കരിമേഘത്തിന്റെ മധ്യത്തിലും മാവേലി മന്നനെ വരവേൽക്കാനുള്ള ഒരുക്കങ്ങളും ആരംഭിക്കുകയാണ്.
മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്. പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുത്ത് മറ്റുള്ളവരുടെ വിശപ്പകറ്റുന്നവരാണ് കര്‍ഷകര്‍. കർഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പേരാമ്പ്രയിലും കർഷക ദിനം വ്യാപകമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം.
മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്റെ എല്ലാ വായനക്കാർക്കും ചിങ്ങപ്പുലരിയിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
Summary : Chingam 1 Malayalam month, new year