മാലിന്യമുക്ത നവകേരളത്തിനായി കൈകോര്‍ത്ത് കുട്ടികളും; അറിവുകള്‍ പകര്‍ന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ


മേപ്പയ്യൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ടി.കെ കൺവൻഷൻ ഹാളിൽ വെച്ച് നടന്ന സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എൻ.പി ശോഭ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ വി.സുനിൽ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളില്‍ നിന്നും വിദ്യാർത്ഥികളുടെ അവതരണം നടന്നു. ജൈവ-അജൈവ, ഖര- ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനും ശുചിത്വ ബോധം സമൂഹത്തിലേക്ക് പകർന്നു നൽകുന്നതിനും വിദ്യാർത്ഥികൾക്ക് വലിയ പങ്കുണ്ടെന്ന് മുഴുവൻ വിദ്യാർത്ഥികളും അവതരണത്തിൽ പറഞ്ഞു.

അസിസ്റ്റന്റ്‌ സെക്രട്ടറി വി.വി പ്രവീൺ ഗ്രാമ പഞ്ചായത്തുതല മാലിന്യമുക്ത പ്രവർത്തനങ്ങള്‍ അവതരിപ്പിച്ചു. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ ഗ്രീൻ കേഡറ്റ് കോർപ്സിന്റെ വേറിട്ട പ്രവർത്തനങ്ങൾ അദ്ധ്യാപകൻ സതീഷ് നരക്കോട് വിശദീകരിച്ചു. ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിലെ ശ്രീനന്ദന, വൈഗ, ദമയ, സൂര്യഗായത്രി, അക്ഷൈത, പാർവണ സി, അഭിനന്ദ് ജി തുടങ്ങിയ വിദ്യാർത്ഥികൾ പാനൽ പ്രതിനിധികളായി പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ആർ.പി അഷിത തുടങ്ങിയവർ പങ്കെടുത്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹരിത കേരളം മിഷൻ ആർ.പി നിരഞ്ജന എം.പി നന്ദി പറഞ്ഞു.