ചീര ഉപ്പേരിയും വെണ്ടക്ക കറിയും കൂട്ടി ഒരു ഊണ്! ഉച്ചഭക്ഷണത്തിന് പച്ചക്കറി കൃഷിയുമായി കടമേരി എല്‍പി സ്‌കൂളിലെ കുട്ടികള്‍
വടകര: സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സ്വന്തമായി കൃഷി ചെയ്ത പച്ചക്കറിയുമായി വിദ്യാര്‍ത്ഥികള്‍. ആയഞ്ചേരി കടമേരി എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി കൃഷി ചെയ്യാനായി മുന്നോട്ടുവന്നിരിക്കുന്നത്.
അടുത്തിടെ സ്‌കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചിരുന്നു. ഈ പദവി സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് തയ്യാറാക്കിയ പരിപാടികളിലൊന്നാണ് പച്ചക്കറി തോട്ടം. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയാണ് പച്ചക്കറി കൃഷിയുടെ പദ്ധതി തയ്യാറാക്കിയത്. വഴുതിന, പൊട്ടിക്ക, വെണ്ട, ചീര എന്നിവയാണ് തോട്ടത്തിലെ പ്രധാന കൃഷി.
സ്‌കൂള്‍ വളപ്പിലാണ് നിലം ഒരുക്കിയിരിക്കുന്നത്. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ നടീൽ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ ആശ ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻഡ്മാരായ രാഗിൻ ഷാജി, അശ്വതി എം.ടി, ആർ രാജീവൻ, ബാലൻ എം.കെ, സുരേന്ദ്രൻ വി.കെ, രാജിഷ കെ.വി, ശ്രിനാഥ് എം, ശ്രുതി കെ, സ്കൂൾ ലീഡർ ഉജ്വൽ നാഥ് എന്നിവർ സംസാരിച്ചു.
Description: Children of Kadameri LP School with vegetable farming for lunch