ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക; കുട്ടികള്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്
പരീക്ഷക്കാലമൊക്കെ കഴിഞ്ഞു. ഇനി നമ്മുടെ കുട്ടികൾക്ക് അവധിക്കാലമാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് കേരള പോലീസ് അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കരുതെന്നും കുറിപ്പില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
* ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
* തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
* വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
* അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.
* അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുക.
* ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.
* സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക.
* ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.
Description: Do not accept friend requests from strangers; Kerala Police with advice for children