സർ, മാഡം വിളിക്ക് ഗുഡ്ബെെ; ആൺ-പെൺ ഭേദമില്ലാതെ ഇനി അധ്യാപകരെ ‘ടീച്ചർ’ എന്ന് വിളിച്ചാൽ മതി
തിരുവനന്തപുരം: ജെൻഡർ വ്യത്യാസങ്ങളില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. മാഡം, സർ വിളി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ലിംഗനീതിക്കും അഭികാമ്യം ടീച്ചർ എന്നു വിളിക്കുന്നതാണ്. ഇക്കാര്യത്തിൽ സ്കൂളുകൾക്കു നിർദേശം നൽകണമെന്നു ഡിപിഐയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും അനുകൂല നിലപാടാണെന്നു കമ്മിഷൻ അറിയിച്ചു.
അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിലുള്ളത്.
സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ സങ്കൽപ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷൻ വിലയിരുത്തൽ. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ബാലവകാശ കമ്മീഷൻ നിര്‍ദ്ദേശം നൽകി.
Summary: child right commission orders that teachers can be addressed as ‘teacher’ in educational institutions regardless of gender