പുറമേരി മുതുവടത്തൂരില്‍ വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന പരാതി; സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് പൊലീസ്
വടകര: പുറമേരി മുതുവടത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കൂളിയറ പ്രദീപ് ഷൈനി ദമ്പതികളുടെ പന്ത്രണ്ട് വയസുള്ള മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് പ്രദേശത്തെ സ്ഥാപനങ്ങളുടെയും വീടുകളിലെയും സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ തുടങ്ങി. അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
അച്ഛന്‍ ഡ്രൈവിങ് സ്‌കൂളിലും അമ്മ പി.ടി.എ. യോഗത്തിന് സ്‌കൂളിലും പോയസമയത്ത് രണ്ടുപേര്‍ വീട്ടിലെത്തി കള്ളം പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കോളിങ് ബെല്‍ അടിച്ചശേഷം അമ്മ വാഹനാപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്നും അച്ഛന്‍ മകളെയും കൂട്ടിവരാന്‍ പറഞ്ഞയച്ചതാണെന്നും പറഞ്ഞാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
അമ്മ അപകടത്തില്‍പ്പെട്ടത് ആരും അറിയില്ലെന്നും ആരോടും പറയുകയും വേണ്ട, ഞങ്ങള്‍ ആശുപത്രിയില്‍ എത്തിക്കാം എന്നുകൂടി പറഞ്ഞപ്പോള്‍ കുട്ടി അവരോടൊപ്പം വീട് പൂട്ടിയിറങ്ങുകയായിരുന്നു. ഇടവഴിയിലൂടെ നടന്ന് മുതുവടത്തൂര്‍ വി.വി.എല്‍.പി. സ്‌കൂളിന് സമീപത്ത് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കയറ്റി തലായി ഭാഗത്തേക്ക് കൊണ്ട് പോയി.
ഡ്രൈവര്‍ക്ക് ഫോണ്‍ വന്നപ്പോള്‍ സംസാരിക്കുന്നതിനിടയില്‍ പന്തികേട് തോന്നിയ കുട്ടി ഇറങ്ങി ഓടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. വീട്ടുകാര്‍ ഫോണ്‍ ചെയ്ത് കുട്ടിയുടെ അച്ഛനെ വിവരം അറിയിക്കുകയായിരുന്നു.