‘കുട്ടിക്കാലം മുതലേ ഇഷ്ടവും താല്‍പ്പര്യവും പോലീസ് ജോലിയോട്, പൊതുജനങ്ങളെ സഹായിക്കാന്‍ കഴിയുന്നതില്‍ സംതൃപ്തി’; മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ചെറുവണ്ണൂര്‍ സ്വദേശിനിയുമായ ബിജി പ്രേമന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു



പേരാമ്പ്ര: ‘കുട്ടിക്കാലം മുതലേ പോലീസാവണമെന്നായിരുന്നു ആഗ്രഹം. അന്ന് കണ്ടിരുന്ന സിനിമകളിലെ പോലീസ് വേഷങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചു. ജോലി ചെയ്ത് തുടങ്ങിയപ്പോഴും ഈ ജോലിയോട് ഇഷ്ടം കൂടിക്കൊണ്ടിരുന്നു. സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എന്റെ ജോലികൊണ്ട് എനിക്ക് സാധിച്ചു എന്നതില്‍ സംതൃപ്തി തോന്നുന്നു’. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബിജി പ്രേമന്‍ പറയുന്നു.

ഇരുപത് വര്‍ഷമായി പോലീസില്‍ ജോലിചെയ്യാന്‍ ആരംഭിച്ചിട്ട്. പേരാമ്പ്ര, തൊട്ടില്‍പ്പാലം, വടകര സ്റ്റേഷനുകളിലും വനിതാ സ്റ്റേഷനിലും ജോലിചെയ്തു. ഈ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന കേസുകളുടെയും ഭാഗമാവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി എല്ലാ മേഖലകളുമായി ബന്ധപ്പെടാനും പലരെയും സഹായിക്കാനും കഴിയുന്നു എന്നുള്ളതുമാണ്.

ഇപ്പോള്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കുന്നുണ്ട്. സ്‌പോര്‍ട്‌സില്‍ കുട്ടിക്കാലം മുതലേ നല്ല താല്‍പര്യമായിരുന്നു. ചക്കിട്ടപ്പാറ കൊളത്തൂവയലാണ് സ്വന്തം ദേശം. അവിടത്തെ സ്‌കൂളാണ് എന്നെ സ്‌പോര്‍ട്‌സിലേക്ക് താല്‍പര്യം വളര്‍ത്താന്‍ സഹായിച്ചത്. പിന്നീട് കണ്ണൂര്‍ സ്‌പോര്‍ട്‌സ്‌ സ്‌കൂളില്‍ പഠിച്ചു. സ്‌കൂള്‍ കാലത്തും പോലീസില്‍ ജോലിചെയ്തുകൊണ്ടിരിക്കെയും സ്‌പോര്‍ട്‌സില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാനും സമ്മാനങ്ങള്‍ നേടാനും സാധിച്ചു.

ചെറുവണ്ണൂര്‍ നടുവിലക്കണ്ടി താഴെ തയ്യുള്ളതില്‍ ആണ് വീട്. ഭര്‍ത്താവ് പ്രേമന്‍ ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ കര്‍ഷകനാണ്. മകള്‍ അശ്വതി.

summary: chief minister’s police medal winner senior civil police officer biji preman from cheruvannur talk to perambra news.com