മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പേരാമ്പ്രയില്‍; ബൈപാസ് റോഡ് ഉദ്ഘാടനത്തിനൊരുങ്ങി നാടും നാട്ടാരും
പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പേരാമ്പ്രയില്‍. പേരാമ്പ്ര ബൈപാസ് റോഡ് ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി ഇന്ന് പേരാമ്പ്രയിലെത്തുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ റഗുലേറ്ററി മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളാകും. എം.എല്‍.എമാരായ കെ.പി.കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍, ഇ.കെ. വിജയന്‍, കാനത്തില്‍ ജമീല, സച്ചിന്‍ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന്‍ എം.എല്‍.എമാര്‍, ജനപ്രതിനിധകള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയില്‍ കക്കാട് പള്ളിക്കടുത്തു നിന്ന് കല്ലോട് വരെ 2.78 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് റോഡ്. 12 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡില്‍ ലൈറ്റ് സ്ഥാപിക്കല്‍, ലൈനിടല്‍, റിഫ്ലക്ടര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ചു. കൂടാതെ ഡ്രെയിനേജ്, കള്‍വേര്‍ട്ട്, റിട്ടെയ്നര്‍ വാള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ നിന്നുള്ള ലിങ്ക് റോഡുകള്‍ ബൈപ്പാസുമായി ബന്ധിപ്പിക്കപ്പെടുന്നുമുണ്ട്.
കിഫ്ബിയില്‍ നിന്ന് 58.29 കോടി രൂപയാണ് ബൈപാസ് നിര്‍മ്മാണത്തിനായി അനുവദിച്ചത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് പദ്ധതി നടത്തിപ്പ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു റോഡിന്റെ നിര്‍മാണ ചുമതല വഹിച്ചിരുന്നത്. ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന കല്ലോട് ഭാഗത്തും കക്കാട് പള്ളിക്ക് സമീപത്തും ബെല്‍മൗത്തിന്റെ വിസ്തൃതി കൂട്ടുന്നതിനും ബൈപാസില്‍ നിന്ന് പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനും ലിങ്ക് റോഡ് സ്ഥാപിക്കുന്നതിനുമായി 16 കോടി 72 ലക്ഷം രൂപയുടെ പ്രോപ്പോസല്‍ ആര്‍.ബി.ഡിസി മുഖേന കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.