ഈ ഓണം മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ചവരോടുള്ള അനുകമ്പ നിറഞ്ഞതാകണം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ആഘോഷവേള മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളായി ഓണാഘോഷങ്ങളെ അർത്ഥവത്താക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.