‘ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി’; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


പേരാമ്പ്ര: നിപ രോ​ഗബാധിതരെ ചികിത്സിക്കുന്നതിനിടയിൽ ജീവ ത്യാ​ഗം വരിച്ച ചക്കിട്ടപാറ സ്വദേശിനിയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് അഞ്ചാണ്ട്. അപകടകാരിയായ വൈറസിനു മുൻപിൽ വിറങ്ങലിച്ചുപോയ ജനതയ്ക്ക് ജീവത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് ലിനി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ന് സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ്. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണ്.

അത്യന്തം അപകടകാരിയായ വൈറസിനു മുൻപിൽ വിറങ്ങലിച്ചുപോയ ഒരു ജനതയ്ക്ക് തന്റെ ജീവത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് ലിനി അന്ന് ചെയ്തത്. ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെയും ത്യാഗമനോഭാവത്തിന്‍റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി.

സിസ്റ്റർ ലിനിയുടെ മരിക്കാത്ത ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.