അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം സംസ്ഥാനത്തിന്റെ പ്രത്യേകത; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുന്നത് സാക്ഷ്യം വഹിക്കാനെത്തിയത് ആയിരങ്ങള്‍
കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകള്‍ക്ക് റോഡ് വലിയ ഉപകാരപ്രദം ആയി. കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ കേരളത്തിന്റേതായ പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണ്. നാടിന്റെ മുന്നേറ്റത്തില്‍ നാം കാണിച്ച ഒരുമയും ഐക്യവുമാണ് പ്രതിന്ധികളെ മറികടക്കാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ ഒരുമയും ഐക്യവും രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും പ്രകൃതിദുരന്തവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തകര്‍ന്ന് പോകാതെ കൂടുതല്‍ മികവോടെ നാടിനെ മുന്നോട്ട് കൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. കിഫ്ബി മുഖേന നിരവധി വികസന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി. 80,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നത്. വികസന കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കണമെന്നും വികസനങ്ങള്‍ ഇന്നത്തെ നാടിന് വേണ്ടി മാത്രമല്ല നാളത്തെ നാടിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കോഴിക്കോട് ജില്ലയ്ക്കുള്ള സമ്മാനമാണ് പേരാമ്പ്ര ബൈപാസെന്നും അതിലൂടെ ഒരു നാടിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആക്‌സിലറേറ്റഡ് പി.ഡബ്ലൂ.ഡിയില്‍ ഉള്‍പ്പെടുത്തി ബൈപ്പാസിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ പ്രവൃത്തി പുരോഗതി മാസം തോറും വിലയിരുത്തിയിരുന്നു. ബൈപ്പാസ് യഥാര്‍ഥ്യമായതോടെ നാദാപുരത്തുനിന്നും കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്കും, കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും പോകുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയില്‍ കക്കാട് പള്ളിക്കടുത്തു നിന്ന് കല്ലോട് വരെ 2.78 കിലോമീറ്റര്‍ നീളത്തിലും12 മീറ്റര്‍ വീതിയിലും ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിച്ചത്. ഇരട്ട വരിയായി നിര്‍മിച്ച റോഡിന് ഒമ്പത് മീറ്റര്‍ ടാറിംഗ് വീതിയാണുള്ളത്. വിവിധ ഇടങ്ങളില്‍ ലിങ്ക് റോഡുകളും ലൈറ്റ് ഡ്രെയിനേജ്, കള്‍വേര്‍ട്ട്, റിട്ടെയ്‌നര്‍വാള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കിഫ്ബിയില്‍ നിന്ന് 58.29 കോടി രൂപയാണ് ബൈപാസ് നിര്‍മ്മാണത്തിനായി അനുവദിച്ചത്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതി നടത്തിപ്പ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു റോഡിന്റെ നിര്‍മാണ ചുമതല.
പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ റഗുലേറ്ററി മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം.പി, ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എം.എല്‍.എമാരായ കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കെ.എം സച്ചിന്‍ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന്‍ എം.എല്‍.എമാരായ എ.കെ പത്മനാഭന്‍ മാസ്റ്റര്‍, എന്‍.കെ രാധ, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, യുവജന കമ്മീഷന്‍ അംഗം എസ്.കെ സജീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.ബി.ഡി.സി.കെ മാനേജിം?ഗ് ഡയറക്ടര്‍ എസ് സുഹാസ് സ്വാഗതവും, ഡെപ്യൂട്ടി ജനല്‍ മാനേജര്‍ എ.എ അബ്ദുള്‍സലാം നന്ദിയും പറഞ്ഞു.