ചിക്കൻ പ്രേമികൾക്ക് ആശ്വസിക്കാം; സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു


തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക്100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. മാസങ്ങൾക്ക് മുൻപ് 180 രൂപ മുതൽ 240 വരെയായിരുന്നു കോഴിയുടെ വില. സംസ്ഥാനത്ത് ആവശ്യത്തിനനുസരിച്ച് ഉത്‌പാദനം ഉയർന്നതും ഒപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയതുമാണ് വില കുത്തനെ കുറയാൻ കാരണമായത്.

കോഴിയെ വളർത്തുന്ന ചെലവ് കൂടുകയും വില കുറയുകയും ചെയ്യുന്നത് കർഷകർക്കും വ്യാപാരികൾക്കും പ്രതിസന്ധി തീർക്കുകയാണ്. 70 രൂപയോളം വളർത്തു ചെലവ് വരുന്ന കോഴിക്ക് 50 മുതൽ 60 രൂപ വരെയാണ് ഇടനിലക്കാർ നൽകുക. ഇത് കർഷകർക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ആഴ്ചകളിൽ ചിക്കന്റെ വില 80 രൂപ വരെ എത്തിയിരുന്നു. ഇപ്പോൾ 100 ലേക്കെത്തിയപ്പോൾ പ്രതീക്ഷ നല്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം ചില്ലറ വിപണികളിൽ, കോഴി വില കുറഞ്ഞത് വ്യാപാരം കൂട്ടിയിട്ടുണ്ട്.

ചൂടുള്ള കാലാവസ്ഥയെക്കാൾ മഴക്കാലത്താണ് ഇറച്ചിക്കോഴി ഉത്പാദനം വർധിക്കുന്നത്. ഉത്പാദനം കൂടിയതിനൊപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്ന് പകുതി വിലക്ക് കേരളത്തിലേക്ക് കോഴകൾ എത്തിയതോടു കൂടി വിപണിയിൽ ചിക്കൻ്റെ വില കൂപ്പുകുത്തി. രണ്ട് മാസം മുൻപ് 220-240 രൂപ വരെ ഉണ്ടായിരുന്ന കോഴി വില 170 ലേക്കും പിന്നീട് 120 രൂപയിലെത്തി. കഴിഞ്ഞ ആഴ്ചകളിൽ ഇത് 100 രൂപക്ക് താഴെയും എത്തി. അതേസമയം, സംസ്ഥാന സർക്കാരിന്റെ കേരള ചിക്കന് ഇന്നത്തെ വില 106 രൂപയാണ്.