ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ഭരണം സിപിഎം പിന്തുണയുള്ള വിമതര്‍ക്ക്, 61 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം


കോഴിക്കോട്: കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.ഐ.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും.

1963 രൂപീകരിച്ച ബാങ്ക് 61 വര്‍ഷമായി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. തിരഞ്ഞെടുപ്പിനെ ചൊല്ലി ഇന്ന് രാവിലെ മുതല്‍ വലിയ സംഘര്‍ഷമായിരുന്നു സി.പി.ഐ.എം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായത്. കൂടാതെ ചേവായൂര്‍ ബേങ്ക് ഇലക്ഷനില്‍ വോട്ടര്‍മാരെ എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനല്‍ ഏല്‍പ്പിച്ച നാല് വാഹനങ്ങള്‍ക്ക് നേരെ തിരുവങ്ങൂരിലും വെങ്ങളത്തും വെച്ച് വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്്. ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, എം.കെ.രാഘവന്‍ എം.പി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Summary: Chevayur Service Cooperative Bank Election; Victory for CPM-backed Democracy Protection Committee