പോരാട്ടം അവസാനത്തിലേക്ക്; ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ്, പോളിംഗ് പുരോഗമിക്കുന്നു


ചെറുവണ്ണൂര്‍: വാശിയേറിയ മത്സരം നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കില്‍ ഉപതെരഞ്ഞെടുപ്പിനായുള്ള പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളിലെ രണ്ട് പോളിംഗ് സ്റ്റേഷനുകളിലായാണ് പോളിംഗ് നടക്കുന്നത്. ഇരു സ്‌റ്റേഷനുകളിലും രാവിലെ മുതല്‍ കനത്ത പോളിംഗാണ് നടക്കുന്നത്.

സി.പി.ഐയിലെ കെ.സി ആസ്യയും മുസ്ലിം ലീഗിലെ പി മുതാംസും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എം.കെ ശലിനയും ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും രണ്ടുവീതം അപരന്മാരാണുള്ളത്.

1534 വോട്ടര്‍മാരുള്ള വാര്‍ഡില്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്താനും തിരികെപ്പിടിക്കാനുമായുള്ള മത്സരമാണ് നടക്കുന്നത്. ഇതിനായി വിദേശങ്ങളിലുള്ള വോട്ടര്‍മാരെ വരെ നാട്ടിലേക്ക് വരുത്തിയതായും സൂചനയുണ്ട്.

സ്ത്രീ സംവരണ വാര്‍ഡായ 15 ാം വാര്‍ഡ് പ്രതിനിധീകരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിയിലിപ്പോള്‍ ഇരു മുന്നണികള്‍ക്കും ഏഴു വീതം അംഗങ്ങളാണ്. അതുകൊണ്ട് ഈ വാര്‍ഡ് ജയിക്കുന്നവര്‍ക്ക് പഞ്ചായത്ത് ഭരണം കൂടിയാണ് ലഭിക്കുന്നത്. എല്‍.ഡി.എഫും യുഡി.എഫും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന വാര്‍ഡില്‍ സീറ്റ് നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫും തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫും പറയുന്നു.

മാര്‍ച്ച് ഒന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടിംഗ് മെഷീന്‍ സൂക്ഷിക്കുന്നതും വോട്ടെണ്ണല്‍ കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററാണ്. മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 12 മണിയോടെ ഫലവും വരും.