പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു; എന്നിട്ടും രാജിവെക്കാതെ ഇടത് വൈസ് പ്രസിഡന്റ്, തീരുമാനമായില്ലെന്ന് വി.പി പ്രവിത


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന് യുഡിഎഫ് അധികാരം നിലനിര്‍ത്തിയിട്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നു. സ്ഥാനമൊഴിയുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റായ എല്‍.ഡി.എഫിലെ വി.പി പ്രവിത പറഞ്ഞു.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയിരുന്ന എല്‍ഡിഎഫിന് ഇ.ടി രാധയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഈ മത്സരത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് പ്രതിനിധി എന്‍.ടി ഷിജിത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി 28 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പി മുംതാസ് വിജയിച്ചതോടെ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായി. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫില്‍ നിന്നും തിരിച്ച് പിടിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫില്‍ ശക്തമാവുകയാണ്.