നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിന്റെ തലപ്പത്ത് ചെറുവണ്ണൂർ സ്വദേശിനി; അനിത കുന്നത്ത് സംസ്ഥാന പ്രസിഡന്റ്
പേരാമ്പ്ര: എന്‍.സി.പിയുടെ മഹിളാ വിഭാഗമായ നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിനെ ഇനി ചെറുവണ്ണൂർ സ്വദേശിനി നയിക്കും. എന്‍.എം.സിയുടെ സംസ്ഥാന പ്രസിഡന്റായി അനിത കുന്നത്തിനെ ദേശീയ പ്രസിഡന്റ് ഡോ.ഫൗസിയ ഖാന്‍ എം.പി നിയമിച്ചു. കെ.എസ്.യു (എസ്) പ്രവര്‍ത്തകയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അനിത പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്.
പേരാമ്പ്ര സി.കെ.ജി കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍, കോണ്‍ഗ്രസ്(എസ്) മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി, എന്‍.സി.പി പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി, എന്‍.സി.പിയുടെ അധ്യാപക വിഭാഗമായ എന്‍.എസ്.ടി.എ ജില്ലാ പ്രസിഡന്റ്, എന്‍.എം.സി ജില്ലാ വൈസ് പ്രസിഡന്റ്, എന്‍.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ അനിത പ്രവര്‍ത്തിച്ചു.
2007 മുതല്‍ എന്‍.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് അനിത. നിലവില്‍ എന്‍.എം.സി കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. റിട്ട. പ്രധാനാധ്യാപികയാണ് അനിത.