‘അപൂര്‍വ്വങ്ങളായ ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നം’; ചെങ്ങോടുമല ഖനനത്തിന് യോഗ്യമല്ലെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്
പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് യോഗ്യമല്ലെന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിക്ക് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.വി.ജിനീഷ് വി.എം.സുധീരന്‍ മുഖേന നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആക്ഷന്‍ കൗണ്‍സിലിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറി. ജില്ലാ ടെക്നിക്കല്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. ട്രയല്‍ ഖനനഫലമായി കുന്നിന് കുറുകെയുള്ള പാറക്കെട്ടുകള്‍ ഇളകുകയും മരങ്ങള്‍ കടപുഴകിവീഴുകയും ഉരുള്‍പൊട്ടുകയും ചെയ്തതായി കണ്ടെത്താനായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചെങ്ങോടുമലയും അതിന്റെ ചുറ്റുപാടുമുള്ള ആവാസവ്യവസ്ഥ ക്വാറിപോലുള്ള സമ്മര്‍ദങ്ങള്‍ക്ക് വിധേയമായതിനാല്‍ ജൈവസമ്പത്തിന് വലിയ നാശമുണ്ടാക്കും.
1984ല്‍ വലിയ ഉരുള്‍പൊട്ടലുണ്ടായതായി കിഴക്കന്‍മേഖലകളിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ പ്രദേശം പാരിസ്ഥിതികമായി ദുര്‍ബലവും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതും പാറയ്ക്കുള്ളിലെ ഗുഹകള്‍ക്കുള്ളിലൂടെ ജലം ഒഴുകുന്ന പ്രതിഭാസം ഹൈഡ്രോളജി പഠനം മുഖേന കണ്ടെത്തിയിട്ടുള്ളതുമാണ്.
ചെങ്ങോടുമല അപൂര്‍വങ്ങളായ ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണെന്ന് നേരത്തേയുള്ള പഠനത്തില്‍ കണ്ടെത്തിയതാണ്.
ഈ വസ്തുതകള്‍ കണക്കിലെടുത്ത് ചെങ്ങോടുമലയിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.