‘കടത്ത് തോണിയെ ആശ്രയിക്കാതെ ഞങ്ങള്‍ക്ക് യാത്ര ചെയ്യണം’; ചേനായി കടവ് പാലത്തിനായി ധനസമാഹരണ യജ്ഞം


പേരാമ്പ്ര: പേരാമ്പ്ര-വേളം പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചേനായി കടവ് പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ എടവരാട് എ.എം.എല്‍.പി. സ്‌കൂളിലാണ് ധനസമാഹരണ യജ്ഞം നടക്കുന്നത്.

ചേനായി കടവ് യാഥാര്‍ഥ്യമാവുകയെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പാലത്തിന്റെ ഫണ്ടിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് നബാഡിന് സമര്‍പ്പിച്ച പ്രപ്പോസല്‍ അംഗീകരിച്ച് കൊണ്ട് പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ലഭ്യമാക്കണമെന്ന നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ലഭ്യമാക്കുന്നതിന് പേരാമ്പ്ര ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ യുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരികയാണ്. ഇതിന്റെ തുടര്‍ച്ചയയാണ് ഇന്ന് ധനസമാഹരണ യജ്ഞം സംഘടിപ്പിക്കുന്നത്.

പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ എടവരാട്, വേളം-പെരുവയല്‍ പ്രദേശങ്ങളുടെ സമഗ്ര വികസനവും രൂക്ഷമായ യാത്രാക്ലേശത്തിനുള്ള പരിഹാരവുമാകും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി കടത്ത് തോണിയെ ആശ്രയിക്കുന്ന ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ചേനായി കടവ് പാലം നിര്‍മ്മിക്കപ്പെടുകയെന്നത്.

യോഗത്തില്‍ രണ്ടാം വാര്‍ഡ് മെമ്പര്‍ റസ്മിന പി.പി.അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ശ്രീലജ പുതിയെടുത്ത്, ടി.കെ.കുഞ്ഞമ്മത് ഫൈസി, സി.ബാബു, ഒ.പി.ഹമീദ്, കെ.വി.കുഞ്ഞബ്ദുല്ല ഹാജി, ടി.കെ.ബാലക്കുറുപ്പ്, കെ.പി.രവീന്ദ്രന്‍, ഒ.കുഞ്ഞികൃഷ്ണകുറുപ്പ്, കെ.സി.ജയകൃഷ്ണന്‍, പി.ടി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.