ചെമ്മരത്തൂർ ഗ്രാമം ഇനി ഉത്സവലഹരിയിൽ; ഫെബ്രുവരി 23, 24, 25 തിയ്യതികളിൽ കപ്പള്ളി ക്ഷേത്രത്തിൽ തിറയുത്സവം


തിരുവള്ളൂർ: ചെമ്മരത്തൂരിലെ പ്രസിദ്ധമായ കപ്പള്ളി ക്ഷേത്രത്തിലെ തിറയുത്സവം ഫെബ്രുവരി 23, 24, 25 തീയതികളിൽ നടക്കും. 14 ദിവസം നീണ്ടു നിൽക്കുന്നതാണ് ചെമ്മരത്തൂരിലെ ക്ഷേത്രോത്സവ ചടങ്ങുകൾ. മകരം 31 ന് അനുബന്ധ ക്ഷേത്രമായ മേക്കൊത്ത്
കൊടിയേറ്റം നടക്കുന്നതോടെ ചെമ്മരത്തൂർ ഗ്രാമം ഉത്സവ ലഹരിയിലാവുന്നു.

വടക്കേ മലബാറിലെ തന്നെ വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് കപ്പള്ളി ക്ഷേത്രം. വടക്കൻ പാട്ടിലെ പ്രധാന കഥാപാത്രമായ പാലാട്ടു കോമന്റെ ജീവിതവും ചരിത്രവും കപ്പള്ളി കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചടുലമായ താളത്തിലുള്ള ഇവിടുത്തെ തിറയാട്ടം വളരെ ആകർഷകമാണ്. കുംഭം മൂന്നിനാണ് കപ്പള്ളി ക്ഷേത്രത്തിൽ വൈകുന്നേരങ്ങളിൽ വെള്ളാട്ടുകൾ തുടങ്ങുന്നത്. അത് 11 ന് നട്ടത്തിറക്ക്‌
അരിചാർത്തുന്ന ചടങ്ങിനോടെ, അതിന്റെ പൂർണ്ണതയിലേക്കെത്തുന്നു.

പിന്നീട് രാത്രി പരദേവതയുടെ വെള്ളാട്ടും, അസുരപുത്രന്റെ വെള്ളാട്ടും നടക്കുന്നു. 12ന് വൈകുന്നേരം ഭണ്ടാരം വരവ് തണ്ടാൻ വരവ്, തിരുവായുധം വരവ്, പരദേവതയുടെ വെള്ളാട്ട്, അസുരപുത്രന്റെ വെള്ളാട്ട്, അർദ്ധരാത്രി കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. 13 ന് പുലർച്ചെ നാഗത്തിന്റ തിറ, ഇളം കോലങ്ങൾ, ഗുളികൻ തിറ, നേരം വെളുത്ത് പരദേവത മുട്ടുമ്മൽ വരവ്,
അസുരപുത്രൻ മുട്ടുമ്മൽ വരവ്, മീത്ത്,
പരദേവതയുടെ തിറ, അസുരപുത്രൻ തിറ ഇങ്ങിനെയാണ് ഇവിടുത്തെ ചടങ്ങുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.

സുപ്രധാനംമായ ഒരു കാര്യം, മുമ്പ് ഏറ്റവും വലിയ വെടിക്കെട്ട്‌ നടക്കുന്നത് കപ്പള്ളി ക്ഷേത്രത്തിലായി രുന്നു. അന്ന് പൂവെടിയായിരുന്നു മുഖ്യാകർഷണം. വളരെ ദൂര ദിക്കിൽ നിന്നുപോലും ആളുകൾ ഇത് കാണാൻ എത്തിയിരുന്നു. 18 സമുദായങ്ങൾക്ക് പ്രത്യേക അവകാശങ്ങളുള്ള മേക്കൊത്ത് കപ്പള്ളി
ഉൽസവങ്ങൾ ഗ്രാമീണ ജനതയുടെ ഐക്യത്തിന്റെ നിദർശനം കൂടിയാണ്.

ഒരു കാലഘട്ടത്തിലെ സമ്പ്രദായങ്ങളും ആചാരങ്ങളും രൂപപ്പെടുത്തിയ
കുലത്തൊഴിലുകളും, അതിലെ വൈവിധ്യങ്ങളും ഉത്സവച്ചടങ്ങുകളുമായി വിവിധ രൂപങ്ങളിൽ കോർത്തി ണക്കിയതായി കാണാം. എല്ലാ ചടങ്ങുകളിലും പരസ്പര സ്നേഹവും ബഹുമാനവും ഉൾക്കാഴ്ചയോടെ സമന്വയിപ്പിച്ചിരിക്കുന്നു.

ഒരു പ്രത്യേക താളക്രമത്തിൽ ചുവട് വയ്ക്കുന്ന ഇവിടുത്തെ വിൽക്കളി (വിശ്വകർമ്മാകളുടെനേതൃത്വത്തിൽ) വളരെ പ്രസിദ്ധമാണ്. ഓരോ തൊഴിലിനും അനുസരിച്ചുള്ള വിവിധ ചടങ്ങുകൾ ഇവിടെയുണ്ട്. കുംഭം 13 ന് രാവിലെ കപ്പള്ളി
ക്ഷേത്രത്തിലെ പ്രൌഡമായ തിറയോടെയാണ് ഉത്സവം സമാപനത്തിലേക്ക് എത്തുന്നത്. തിരുമുടി പറിക്കൽ, എന്ന ചടങ്ങും, വാൾ അകംകൂട്ടൽ എന്നചടങ്ങും കഴിയുന്നതോടെ ശുദ്ധികലശം കഴിഞ്ഞ്
ഉത്സവം അവസാനിക്കുന്നു. ഒരു വർഷത്തെ കാത്തിരിപ്പിന്റെ ഗൃഹാതുരമായ ഓർമ്മകളോടെ എല്ലാവരും പിരിയുന്നു.

Summary: Chemmarathur village is now in the festivity; Thirayutsavam at Kupalli Temple on February 23rd, 24th and 25th