ചെമ്മരത്തൂർ മാനവിയം സാംസ്കാരിക നിലയത്തിന് പുതുജീവൻ വയ്ക്കണം; നിലയം നവീകരിക്കണമെന്നാവശ്യം ശക്തമാകുന്നു
ചെമ്മരത്തൂർ: മാനവിയം സാംസ്കാരിക നിലയത്തിന് പുതുജീവൻ വയ്ക്കാൻ നവീകരണ പ്രവർത്തികൾ നടത്തണമെന്നാവശ്യം ശക്തമാകുന്നു. ചെമ്മരത്തൂർ വാർട്സ് അപ്പ് ഗ്രൂപ്പ് കൂട്ടായ്മയാണ് ആവശ്യവുമായി രംഗത്തെത്തിയത്. തിരുവള്ളൂർ പഞ്ചായത്തിൽ ചെമ്മരത്തൂർ പ്രദേശത്ത്
സ്ഥിതി ചെയ്യുന്ന സാംസ്കാരിക നിലയമാണ് മാനവിയം.
ഒരുകാലത്ത് ഒരുപാട് കല്യാണങ്ങൾക്കും ജില്ലയിലെ പ്രൊഫഷണൽ നാടക സമിതികളുടെ റിഹേഴ്സലുകൾക്കും വേദിയായിരുന്നു മാനവീയം. പക്ഷെ ഇന്ന് മാനവീയത്തിന് ആ പഴയ പ്രൗഡിയില്ല. സൗകര്യമില്ലായ്മ പരിപാടികൾ സംഘടിപ്പിക്കുന്നതിന് തടസമാവുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ വടകര എംപിയായിരുന്ന സമയത്ത് മാനവീയം നവീകരിക്കുന്നതിനായി 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. എന്നാൽ ആ ഫണ്ട് വാങ്ങിയെടുക്കാൻ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഭരണ സമിതി അന്ന് വിമുഖത കാണിച്ചുവെന്നും ആരോപണമുണ്ട്.
പ്രദേശത്തെ കുട്ടികളുടെ കലാപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മാനവീയം സാംസ്ക്കാരിക നിലയം വേദിയാക്കാൻ കഴിയുന്നതാണ്. കൂടാതെ മാനവീയത്തിൽ പഴയത് പോലെ കല്യാണങ്ങളും പൊതുപരിപാടികളും സംഘടിപ്പിക്കാൻ കഴിഞ്ഞാൽ പഞ്ചായത്തിന് അത് നേട്ടമുണ്ടാക്കുമെന്ന് ചെമ്മരത്തൂർ വാട്സ് ആപ് കൂട്ടായ്മ പറയുന്നു. അതിനാൽ എത്രയും പെട്ടെന്ന് മാനവീയം നവീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.