‘പേരാമ്പ്ര ഭാഗത്തേക്ക് പോകുന്ന പ്രധാന ബൈപ്പാസായി റോഡ് മാറും’; ചെമ്പനോട- തിമിരിപ്പാലം റോഡ് നവീകരണത്തിനായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായി നാട്ടുകാര്‍


പെരുവണ്ണാമൂഴി: ചെമ്പനോട – താമരമുക്ക് തിമിരിപ്പാലം റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താമരമുക്കില്‍ യോഗം ചേര്‍ന്നു. റോഡിനിരുവശവും താമസിക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ യോഗത്തില്‍ റോഡിന്റെ വീതി എട്ടു മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനമായി. താമരമുക്ക് മുതല്‍ പന്നിക്കോട്ടൂര്‍ പാലം വരെ റോഡിനിരുവശങ്ങളിലും താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളും റോഡിനാവശ്യമായ സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് യോഗത്തില്‍ അറിയിച്ചു.

പേരാമ്പ്ര ഭാഗത്തേക്ക് പോകുന്ന പ്രധാന ബൈപ്പാസ് ആയി ഈ റോഡ് മാറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റോഡിന് വീതി കൂട്ടുന്നത്. വനത്തില്‍ കൂടിയുള്ള യാത്ര ഒഴിവാകുവാനും എളുപ്പ മാര്‍ഗം കൂവ്വപ്പൊയിലില്‍ എത്തുവാനും തിമിരിപ്പാലത്തിന്റെ പണി തീരുന്നതോടെ സാധ്യമാകുമെന്ന് വാര്‍ഡ് മെമ്പര്‍ കെ.എ ജോസ്‌കുട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എട്ടു മീറ്റര്‍ വീതി കൊടുക്കുകയാണെങ്കില്‍ പി.ഡബ്ല്യു.സി. ഈ റോഡ് ഏറ്റെടുത്ത് എം.എല്‍.എയുടെ അസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വകയിരുത്തി മികച്ച ബൈപ്പാസായി ഈ റോഡ് നിര്‍മ്മിക്കാമെന്ന് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.എ. ജോസുകുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് അംഗം ലൈസ ജോര്‍ജ്, ഫ്രാന്‍സീസ് കിഴക്കരക്കാട്ട്, രാജീവ് തോമസ്, മാത്യു വാഴേം പ്ലാക്കല്‍, സി.ഡി. മേരിക്കുട്ടി സംസാരിച്ചു.

ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ (ചെയര്‍മാന്‍), കെ.എ. ജോസുകുട്ടി (ജനറല്‍ കണ്‍വീനര്‍), ഫ്രാന്‍സീസ് കിഴക്കരക്കാട്ട്, രാജീവ് തോമസ്, സി.ഡി. മേരിക്കുട്ടി, ബേബിച്ചന്‍ വെട്ടിക്കാല, സജി ഞൊണ്ടിമാക്കല്‍, ജെയ്സണ്‍ ഇടച്ചേരില്‍, മോനച്ചന്‍ കുമ്പകപ്പള്ളി, ഷാജി കണക്കന്‍ചേരി, രവീന്ദ്രന്‍ പുതുശേരി, ഫിലിപ്പ് മംഗലശ്ശേരി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എക്സിക്യുട്ടീവ് കമ്മിറ്റി രൂപീകരിച്ചു.