രോഗികളായ അച്ഛനമ്മമാര്‍, കൂട്ടിന് പട്ടിണി മാത്രം; പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച ചേമഞ്ചേരിയിലെ പത്താം ക്ലാസുകാരി മായാലക്ഷ്മിക്ക് ഇപ്പോള്‍ ലക്ഷ്യം അതിജീവനം മാത്രം
സ്വന്തം ലേഖകൻ
കൊയിലാണ്ടി: ഇത് ഓണക്കാലമാണ്. പുത്തനുടുപ്പും പൂക്കളവും സദ്യയുമെല്ലാമായി ഏവരും മതിമറന്ന് ആഘോഷിക്കുന്ന കാലം. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മായാലക്ഷ്മിക്ക് ഈ ഓണക്കാലം ആഘോഷത്തിന്റെതല്ല, അതിജീവനത്തിന്റെതാണ്. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുക എന്ന ഏകലക്ഷ്യം മാത്രമാണ് അവള്‍ക്ക് മുന്നിലുള്ളത്.
ചേമഞ്ചേരി നിടൂളി വീട്ടില്‍ ഗോപാലന്റെയും ഗീതയുടെയും മകളാണ് മായാലക്ഷ്മി. തിരുവങ്ങൂര്‍ ഹൈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ദുരിതം മാത്രം നിറഞ്ഞ ജീവിതത്തില്‍ അവള്‍ക്ക് കൂട്ടുള്ളത് പട്ടിണി മാത്രമാണ്.
രോഗികളാണ് മായയുടെ അച്ഛനും അമ്മയും. അച്ഛന്‍ ഗോപാലന് രോഗം കാരണം സംസാരശേഷി നഷ്ടപ്പെട്ടു. പിന്നീട് വീടിന് മുകളില്‍ നിന്ന് വീണതോടെ അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ ദുര്‍ബലമായി. ഓര്‍മ്മക്കുറവും പാര്‍ക്കിന്‍സണ്‍ രോഗവുമെല്ലാം ബാധിച്ച് കിടപ്പിലാണ് അച്ഛന്‍ ഗോപാലന്‍.
മായാലക്ഷ്മി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന് ആദ്യമായി രോഗം വരുന്നത്. പെയിന്റിങ് ജോലി ചെയ്തിരുന്ന ഗോപാലന്‍ അന്ന് രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് പെയിന്റിങ് ജോലി തുടരാന്‍ കഴിയാതിരുന്നതിനാല്‍ കാപ്പാട് കടപ്പുറത്ത് കടല വിറ്റാണ് ഉപജീവനം നടത്തിയത്.
എന്നാല്‍ കോവിഡ് മഹാമാരി മൂര്‍ച്ഛിച്ചിരുന്ന 2021 ല്‍ വീടിന് മുകളില്‍ നിന്ന് വീണതോടെ ഗോപാലന് ഒരു ജോലിക്കും പോകാന്‍ കഴിയാതായി. മുഴുവന്‍ സമയവും വീടിനകത്തെ കട്ടിലില്‍ തന്നെയാണ്.
കഴിഞ്ഞ മാസം ഒരു തവണ കൂടി ഗോപാലന്‍ വീണതോടെ അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടും മോശമായി. ഓഗസ്റ്റ് 28 നായിരുന്നു അത്. ക്ലാസ് കഴിഞ്ഞെത്തിയ മകളാണ് അച്ഛന്‍ വീണ് കിടക്കുന്നത് കണ്ടതും പിന്നീട് മറ്റുള്ളവരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതും.
മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച അച്ഛന്‍ ഒമ്പത് ദിവസം അവിടെ ചികിത്സയിലായിരുന്നുവെന്ന് മായാലക്ഷ്മി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാത്തിടത്തു നിന്നാണ് അച്ഛന്‍ ജീവിതത്തിലേക്ക് തിരികെ വന്നതെന്നും മായാലക്ഷ്മി ഓര്‍ത്തെടുക്കുന്നു. ചേമഞ്ചേരിയിലെ അഭയം, സുരക്ഷ എന്നീ പാലിയേറ്റീവ് കെയര്‍ സെന്ററുകളാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അച്ഛന്റെ കാര്യങ്ങള്‍ നോക്കാനായി സഹായിച്ചതെന്നും മായാലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന അമ്മ ഗീതയും ഇന്നൊരു രോഗിയാണ്. എന്നാല്‍ അപസ്മാരം മൂര്‍ച്ഛിച്ചതോടെ അമ്മയ്ക്കും ജോലിക്ക് പോകാന്‍ കഴിയാതായി. സങ്കടപ്പെടുത്തുന്ന ചെറിയൊരു കാര്യം പോലും കേള്‍ക്കുന്നത് അമ്മയ്ക്ക് ബുദ്ധിമുട്ടാണെന്ന് മായാലക്ഷ്മി വേദനയോടെ പറയുന്നു. ഇതിനിടെ കൂനിന്മേല്‍ കുരു പോലെ അമ്മ വീണ് കൈ ഒടിയുകയും ചെയ്തു.
അടച്ചുറപ്പുള്ളൊരു വീടും ഈ കുടുംബത്തിന് ഇല്ല. വീടിന്റെ നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി നില്‍ക്കുകയാണ്. കുളിക്കാന്‍ നല്ലൊരു കുളിമുറി പോലും മായാലക്ഷ്മിയുടെ വീട്ടില്‍ ഇല്ല.
പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് മായാലക്ഷ്മി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അച്ഛന് താനൊരു സിനിമാ നടിയാവണമെന്നാണ് ആഗ്രഹം. മോഹന്‍ലാലിന്റെ മകളായി അഭിനയിക്കണം എന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയുമെന്ന് മായാലക്ഷ്മി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം മാറ്റിവച്ച് എങ്ങനെയെങ്കിലും ജീവിക്കമമെന്ന ഒരു ലക്ഷ്യം മാത്രമേ മുന്നിലുള്ളുവെന്ന് മായാലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളിലെ അധ്യാപകരുടെയും ചില ബന്ധുക്കളുടെയും സഹായത്താലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. സമൂഹത്തിന്റെ കൈത്താങ്ങ് ഉണ്ടെങ്കില്‍ മാത്രമേ മായാലക്ഷ്മിക്ക് പഠിച്ച് മുന്നോട്ട് പോകാനും രോഗികളായ അച്ഛനമ്മമാരെ പരിചരിക്കാനും കഴിയൂ.
മായാലക്ഷ്മിയുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ചിലര്‍ ചെറിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. വീട്ടില്‍ സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ അടുപ്പമുള്ള മറ്റൊരാളുടെ ഗൂഗിള്‍പേ നമ്പര്‍ വഴിയാണ് ഈ സഹായങ്ങള്‍ ലഭിച്ചത്.
സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നുവെന്നും അത് താന്‍ ഉപേക്ഷിച്ചതാണെന്നും മായാലക്ഷ്മി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ക്ലാസിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞപ്പോള്‍ മായാലക്ഷ്മിയെ വേട്ടയാടിയത് മറ്റൊരു ഭീതിയായിരുന്നു.
തനിക്ക് പഠിക്കണം, നല്ലൊരു നിലയിലെത്തണം. സ്മാര്‍ട്ട് ഫോണ്‍ കയ്യിലുണ്ടെങ്കില്‍ താന്‍ അതിന് അടിമപ്പെടുകയും പഠനത്തെ അത് ബാധിക്കുകയും ചെയ്യുമോ എന്നായിരുന്നു അവളുടെ ഭയം. തുടര്‍ന്നാണ് ഫോണ്‍ തിരികെ ഏല്‍പ്പിച്ചത്. എന്നാല്‍ എന്തുമേതും ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സ്മാര്‍ട്ട് ഫോണില്ലാതെ പല കാര്യങ്ങള്‍ക്കും താന്‍ ബുദ്ധിമുട്ടുന്നുണ്ട് എന്നും മായാലക്ഷ്മി പറയുന്നു. ഒരു സാധാരണ ഫോണാണ് ഇപ്പോള്‍ വീട്ടിലുള്ളത്.
ആഗ്രഹിച്ച പോലെ പട്ടാളക്കാരിയോ സിനിമാ നടിയോ ആകാന്‍ കഴിഞ്ഞില്ലെങ്കിലും പഠിച്ച് നല്ലൊരു ജോലി നേടി അച്ഛനെയും അമ്മയെയും നല്ലനിലയില്‍ നോക്കണമെന്നാണ് മായാലക്ഷ്മിയുടെ ആഗ്രഹം. എന്നാല്‍ പലവിധ ജീവിത പ്രശ്‌നങ്ങള്‍ അതിന് തടസമായി നില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ മായാലക്ഷ്മിക്ക് മുന്നോട്ട് പോകാന്‍ നമ്മുടെ ഓരോരുത്തരുടെയും സഹായം കൂടിയേ തീരൂ. ദുരിതക്കയത്തിലുള്ള ഈ കുടുംബത്തിന് നല്‍കുന്ന ചെറിയൊരു സഹായമാകും ഇത്തവണത്തെ നമ്മുടെ ഓണാഘോഷത്തിന് ഏറെ മാറ്റ് കൂട്ടുക.
ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി അക്കൗണ്ട് വിവരങ്ങള്‍ താഴെ:
ബാങ്ക്: കേരള ഗ്രാമീണ ബാങ്ക്
ബ്രാഞ്ച്: പൂക്കാട്
അക്കൗണ്ട് നമ്പര്‍: 4022 1100 2505 78
IFSC: KLGB0040221