കോരിച്ചൊരിയുന്ന മഴയില്‍ കിട്ടിയ അവധി ദിനം ഇവര്‍ മുഹമ്മദ് ഇവാനുവേണ്ടി പണം കണ്ടെത്താനായി മാറ്റിവെച്ചു; മാതൃകയായി ചങ്ങരോത്തെ ഈ കുഞ്ഞുങ്ങള്‍


ചങ്ങരോത്ത്: നാട്ടുകാരനായ മുഹമ്മദ് ഇവാന്റെ ജീവന്‍ രക്ഷിക്കാന്‍ നാടൊട്ടാകെ കയ്യും മെയ്യും മറന്ന് പ്രയത്‌നിക്കുമ്പോള്‍ ആ ഉദ്യമത്തില്‍ പങ്കാളികളായി ചങ്ങരോത്തെ കുട്ടികളും. വിദ്യാര്‍ഥികളായ റിഷാല്‍ കൊന്നോളി, ഹിഷാം ഇരു കുളങ്ങര, സീശാന്‍ മഠത്തും കണ്ടി, സഫ് വാന്‍ ചുണ്ടലിക്കണ്ടി എന്നീ കുട്ടികളാണ് തങ്ങളുടെ അവധി ദിനം ഇവാന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി മാറ്റിവെച്ചത്.

കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ ചങ്ങരോത്ത് മദ്രസ പരിസരത്ത് നിലയുറപ്പിച്ച ഇവര്‍ അതുവഴി പോകുന്ന വാഹനങ്ങള്‍ നിര്‍ത്തിച്ചും കാല്‍നടയാത്രക്കാരോടുമൊക്കെ ഇവാനുവേണ്ടി പണത്തിനായി അഭ്യര്‍ത്ഥിക്കുകയായിരുന്നു. തങ്ങള്‍ ശേഖരിച്ച വലിയ തുക ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു. ആരുടെയും നിര്‍ബന്ധമില്ലാതെ സ്വമേധയാ ഇവര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

കല്ലുള്ളതില്‍ നൗഫല്‍-ജാസ്മിന്‍ ദമ്പതികളുടെ മകനാണ് ഇവാന്‍. മാരകമായ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഇവാന്റെ ചികിത്സയ്ക്ക് 18 കോടി രൂപയുടെ മരുന്ന് ആവശ്യമാണ്. തുക കണ്ടെത്തുന്നതിനായി കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നുണ്ട്.