ചങ്ങരോത്ത് പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം; ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു


കടിയങ്ങാട്: കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ്ബ് സെന്റര്‍) മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം. വര്‍ഷങ്ങളായി കടിയങ്ങാട് പ്രവര്‍ത്തിച്ചു വരുന്ന സബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കെ.ചാത്തന്‍ മേനോന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആരോഗ്യ കേന്ദ്രമാണ് മാറ്റി സ്ഥാപിക്കുന്നത്.

സബ് സെൻ്റർ മാറ്റാനുള്ള പഞ്ചായത്ത് തീരുമാനത്തിനെതിരെ സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. കഴിഞ്ഞ മാസത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ സബ്ബ് സെന്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ പ്രതിപക്ഷ അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ദേശീയ ആരോഗ്യ മിഷന്റെ 55 ലക്ഷം രൂപ 2022 – 23 സാമ്പത്തിക വര്‍ഷം അനുവദിച്ചിരുന്നു. ഈ തുക കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന സബ്ബ് സെന്ററിനാണ് അനുവദിച്ചതെന്നും ഇത് മറ്റൊരിടത്തേക്ക് മാറ്റാന്‍ അനുവദിക്കുകയില്ലെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. ഭരണ സമിതിയുടെ അനാസ്ഥ മൂലം പ്രവര്‍ത്തി അരംഭിക്കാത്തതിനാല്‍ ഫണ്ട് ലാപ്‌സായി പോകുമെന്നും വിഷയത്തില്‍ പ്രദേശത്തെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

പ്രദേശത്തെ ജനപ്രതിനിധികൾ രക്ഷാധികാരികളായും, എസ്.സുനന്ദ് (ചെയർമാൻ) ഇല്ലത്ത് മീത്തൽ അഷ്റഫ് (കൺവീനർ), നരിമംഗലത്ത് രവീന്ദ്രൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 251 അംഗ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി.സരീഷ്, കെ.എം.ഇസ്മയില്‍, കെ.ടി.മൊയ്തീന്‍, കെ.മുബഷിറ, വി.കെ.ഗീത, രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികളായ സി.കെ നാരായണൻ, പുല്ലാക്കുന്നത്ത് ഇബ്രായി, സി.കെ.ലീല, പുനത്തിൽ അബ്ദുള്ള, എൻ.ജയശീലൻ , ഇ.എൻ സുമിത്ത്, റഷീദ് കരിങ്കണ്ണിയിൽ, കെ.പി.ശ്രീധരൻ, സഫിയ പടിഞ്ഞാറയിൽ, ലൈജു കോറോത്ത്, കെഎം രാജൻ, ഷിജി ശ്രീധരൻ, പാതിരിക്കുന്നുമ്മൽ രയരപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Summary: Changaroth Panchayat Janika Arogya Kendra move to replace local residents protests; A People’s Action Committee was formed