ഫണ്ടുണ്ടായിട്ടും ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ ചുറ്റുമതില്‍, കെട്ടിടനിര്‍മാണം അനിശ്ചിതാവസ്ഥയില്‍; പ്രീപ്രൈമറിയുള്‍പ്പെടെ നാലാം ക്ലാസ് വരെയുള്ള കൊച്ചുകുട്ടികള്‍ പഠിക്കുന്ന സകൂള്‍, വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന റോഡിന് തൊട്ടടുത്തായതിനാല്‍ ആശങ്കയൊഴിയാതെ രക്ഷിതാക്കള്‍
പേരാമ്പ്ര: ഫണ്ടുണ്ടായിട്ടും ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ (വേങ്ങേരി സ്‌കൂള്‍) ചുറ്റുമതില്‍, കെട്ടിടനിര്‍മാണം അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. എം.എല്‍.എ ഫണ്ടില്‍നിന്ന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 30 ലക്ഷവും തൊഴിലുറപ്പ് ഫണ്ടില്‍നിന്ന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ അഞ്ചുലക്ഷവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സമീപത്തെ വീട്ടുകാര്‍ക്ക് വഴിവേണമെന്ന പ്രശ്‌നത്തില്‍ വ്യക്തമായ തീരുമാനമാവാത്തതിനാലാണ് നിര്‍മാണം തുടങ്ങാതെ നീണ്ടുപോകുന്നതെന്നാണ് വിവരം.
പന്തിരിക്കരയില്‍നിന്നും ജാനകിവയല്‍ഭാഗത്തേക്കുള്ള റോഡിനുസമീപമാണ് സ്‌കൂളുള്ളത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലായി 44 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ട്. പ്രീപ്രൈമറിയില്‍ 25 കുട്ടികളും പഠിക്കുന്നു. നിരവധി വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന റോഡിന് തൊട്ടടുത്തായതിനാല്‍ ചുറ്റുമതില്‍കെട്ടി ഗേറ്റ് സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്.
ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ ആയതിനാല്‍ തന്നെ അപകട സാധ്യത ഇവിയെ കൂടുതലാണ്. മാത്രമല്ല പലസ്ഥലങ്ങളലും കുട്ടികളെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകളും മറ്റും രക്ഷിതാക്കളില്‍ ആശങ്ക ഉളവാക്കുന്നതിന് കാരണ മാവുന്നു.
തൊഴിലുറപ്പ് ഫണ്ടില്‍ ഉള്‍പ്പെടുത്തി മതില്‍ നിര്‍മിക്കാന്‍ 2020-ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നല്‍കി കരാര്‍ ഒപ്പുവെച്ചിട്ടും പ്രവൃത്തി തുടങ്ങാന്‍ മാത്രമായിട്ടില്ല.
സ്‌കൂളിന്റെ മുന്‍ഭാഗത്തും ഒരുവശത്തും മതില്‍ നിര്‍മിക്കാനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സ്‌കൂള്‍കെട്ടിടം നിര്‍മിക്കാനും കരാര്‍ നല്‍കിയതാണ്. പ്രവൃത്തി വൈകിയതോടെ ചുറ്റുമതില്‍ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിന് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. ചുറ്റുമതില്‍ കെട്ടാത്തതിനാല്‍ രാത്രികാലത്ത് ആര്‍ക്കും സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറിയിരിക്കാമെന്ന സ്ഥിതിയാണ്. സ്‌കൂള്‍ പ്രവൃത്തിസമയത്ത് ബൈക്കുകള്‍ ഗ്രൗണ്ടിലേക്ക് എത്താറുമുണ്ട്. ഇതിനാല്‍ സ്‌കൂള്‍ കോമ്പൗണ്ട് എത്രയും വേഗത്തില്‍ മതില്‍കെട്ടി വേര്‍തിരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
അതേസമയം ഈ പ്രശ്‌നത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ചു.
summary: changaroth glp school building construction and enclosure wall remain in limbo despite fund