പേരാമ്പ്രയിലെ കൊച്ചുകുഞ്ഞുങ്ങള്‍ക്കിനി അന്താരാഷ്ട്ര നിലവാരത്തില്‍ പഠിച്ചു തുടങ്ങാം; ചങ്ങരോത്ത് ചെറിയകുമ്പളം ഗവ.എല്‍.പി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി മന്ത്രി വി ശിവന്‍കുട്ടി
പേരാമ്പ്ര: ചങ്ങരോത്ത് ചെറിയകുമ്പളം ഗവ.എല്‍.പി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായിരുന്നു ഇത്.
ഓരോ പ്രൈമറി സ്‌കൂളിനൊപ്പവും പ്രീ പ്രൈമറി സ്‌കൂള്‍ ആരംഭിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. എല്ലാ ജില്ലയിലും മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കുക, എല്ലാ പ്രീ പ്രൈമറി സ്‌കൂളുകളും രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ എല്ലാ ജില്ലയിലും മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി മേഖലയില്‍ കരിക്കുലം പരിഷ്‌കരണവും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃക പ്രീ പ്രൈമറികളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് 15 ലക്ഷം വീതവും 11 സ്‌കൂളുകള്‍ക്ക് 10 ലക്ഷം വീതവും 14 സ്‌കൂളുകള്‍ക്ക് 99,500 രൂപ വീതവും ആണ് അനുവദിച്ചിരിക്കുന്നത്.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച്ആവിഷ്‌കരിച്ച വര്‍ണ്ണകൂടാരം പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ചെറിയകുമ്പളം ഗവ.എല്‍.പി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.
ഔട്ട് ഡോര്‍ പ്ലേ ഏരിയ, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ് മുറികള്‍, നിര്‍മാണ ഇടം, വായനാ ഇടം, ഗണിത ഇടം, നിരീക്ഷണ ഇടം, പാവ ഇടം, വരയിടം, അരങ്ങ്, ഭാഷായിടം, ഹരിതോദ്യാനം, കളിയിടം തുടങ്ങി 13 കോര്‍ണറുകളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്. 55 കുട്ടികളാണ് സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ പഠനം നടത്തുന്നത്.
വിരമിച്ച അധ്യാപകര്‍ക്കും സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും മന്ത്രി ഉപഹാരം നല്‍കി. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ് കുമാര്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, എസ്.എസ്.കെ ഡി.പി.ഒ പ്രമോദ് മൂടാടി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പിടിഎ, എംപിടിഎ പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി സ്വാഗതവും ഹെഡ്മിസ്ട്രസ് പി റീന നന്ദിയും പറഞ്ഞു.
summery: changaroth cheriyakumbalam govt lp school has raised the pre-primary section to international standards