ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്


തിരുവനന്തപുരം: വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും മലപ്പുറത്തുമാണ് യെല്ലോ അലർട്ട്. ബാക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 18 മുതൽ 22 വരെ : കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

കാറ്റിന് സാധ്യത- പ്രത്യേക ജാഗ്രതാ നിർദേശം

ജൂൺ 18 മുതൽ 22 വരെ : ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ജൂൺ 18 മുതൽ 19 വരെ വടക്ക് തമിഴ്നാട് തീരം, തെക്ക് ആന്ധ്രപ്രദേശ് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ – തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.