ചക്കിട്ടപ്പാറയില്‍ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; പന്നിയെ തുരത്താന്‍ നേതൃത്വം നല്‍കിയത് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍


ചക്കിട്ടപ്പാറ: കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കോടതിയില്‍ നിന്നും അനുമതി നേടിയ മുണ്ടക്കല്‍ ഗംഗാധരന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിര്‍ദേശ പ്രകാരം കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയായിരുന്നു.

ചക്കിട്ടപ്പാറ പതിമൂന്നാം വാര്‍ഡില്‍ മംഗലത്ത് മാത്തുക്കുട്ടിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചുകൊന്നത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നി വാഴയും മറ്റും നശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പന്നിയെ വെടിവെച്ചുകൊല്ലാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് മുണ്ടക്കല്‍ ഗംഗാധരന്‍ വെടിയുതിര്‍ത്തത്. ജഡം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച് സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കൃഷിഭൂമിയില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെയ്ക്കാന്‍ മലയോര മേഖലയിലെ ചിലര്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞദിവസം ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട ഭാഗങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത ഭ്രാന്തന്‍ നായയെയും വെടിവെച്ചുകൊന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അധികാരം നല്‍കിയതു പ്രകാരം മുണ്ടയ്ക്കല്‍ ഗംഗാധരനായിരുന്നു വെടിയുതിര്‍ത്തത്.


ഇതിനെതിരെ മൃഗസ്‌നേഹി സംഘങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന സാഹചര്യം വന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിന് വിഷയത്തില്‍ ഇടപെടാമെന്നും താന്‍ ചെയ്തതില്‍ നിയമപരമായി യാതൊരു തെറ്റില്ലെന്നും കെ.സുനില്‍ വ്യക്തമാക്കിയിരുന്നു.
Summary: Chakkittappara panchayath president orders to kill wild boar