‘പേ പിടിച്ച തെരുവുനായയെ നാടിന്റെ സുരക്ഷയ്ക്കായി കൊന്നു, ഇപ്പോള്‍ താനും കുടുംബവും നേരിടുന്നത് അതിഭീകരമായ സൈബര്‍ ആക്രമണം’; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറയുന്നു


പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച ഭ്രാന്തന്‍ നായയെ വെടി വെച്ചു കൊല്ലാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ തനിക്ക് നേരെ സോഷ്യല്‍ മീഡിയ വഴി ആക്രമണം നേരിടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സുനില്‍.
നാടിനെ മുഴുവന്‍ ഭീതിയിലാക്കിയ ഒരു ഭ്രാന്തന്‍ നായയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത് താനൊരു മൃഗസ്‌നേഹിയായത് കൊണ്ടു തന്നെയാണെന്നാണ് സുനില്‍ തന്റെ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സോഷ്യല്‍ മീഡിയയില്‍ ഉള്ള മൃഗ സ്‌നേഹം അല്ല ഇത്…??
വീട്ടില്‍ ഒരംഗത്തെ പോലെ,
ഇവിടെ വരുന്ന ഓരോ മനുഷ്യരോടും സ്‌നേഹത്തോടെ പെരുമാറുന്ന ഞങ്ങളുടെ ജാക്കും ജൂലിയും..
വളരെ കുഞ്ഞായിരുന്നപ്പോള്‍ മക്കള്‍ എവിടെ നിന്നോ കൊണ്ട് വന്നവര്‍ ആണ് ജാക്കും ജൂലിയും.
അന്ന് മുതല്‍ വീട്ടിലെ അംഗങ്ങള്‍ ആണ്.!
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വീട്ടില്‍ വരുന്ന അനേകം ജനങ്ങളോടും സ്‌നേഹം മാത്രം പ്രകടിപ്പിച്ച് അവര്‍ ഇരിക്കുന്നത്, ഈ വീട്ടില്‍ അവര്‍ക്ക് കിട്ടുന്ന സ്‌നേഹം കൊണ്ട് മാത്രം ആണ്.
വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ രവിയേട്ടന്‍ മരിച്ച ദിവസം ഈ നാട് മുഴുവന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി ചേര്‍ന്നു.
എങ്ങനെ വിശദീകരിക്കണം എന്ന് അറിയില്ല , എങ്കിലും ഇവര്‍ രണ്ടു പേരും , ‘ജാക്കും ജൂലിയും ‘ അന്ന് ഏകദേശം 700 മീറ്റര്‍ അകലെ ഉള്ള രവിയേട്ടന്റെ വീടിനുടുത്തേക്ക് വന്നതും കുറെ സമയം അവിടെ ചുറ്റി തിരിഞ്ഞതും ഇവര്‍ക്ക് മനുഷ്യരോടും ഇവരോട് ഞങ്ങളും കാണിക്കുന്ന സ്‌നേഹത്തിന്റെ അടയാളം ആണ്.

പേ പിടിച്ച ഒരു തെരുവ് നായയെ, നാടിന്റെ സുരക്ഷ മുന്‍നിര്‍ത്തി നിയമപരമായ വഴിയില്‍ കൊല്ലേണ്ടി വന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഞാനും എന്റെ കുടുംബവും നേരിടേണ്ടി വന്നത് അതിഭീകരമായ സോഷ്യല്‍ മീഡിയ അറ്റാക്ക് ആയിരുന്നു.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയ്ക്ക് മാത്രമേ മുന്‍തൂക്കം നല്‍കാന്‍ കഴിയൂ എന്ന ഉറച്ച തീരുമാനം ആണ് ഇത്രയും നാള്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതും എന്റെ നാട്ടുകാര്‍ അത് അംഗീകരിക്കുന്നതും.
നിയമ നടപടികളോ കോടതി വ്യവഹാരങ്ങളോ ജയിലില്‍ പോകേണ്ട അവസ്ഥയോ, എന്ത് തന്നെയായാലും ഇത്തരം അടിയന്തര സാഹചര്യങ്ങളെ ഇങ്ങനെ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ.

കുടുംബപരമായി തലമുറകളായി മൃഗങ്ങളെ പരിപാലിച്ചു ജീവിച്ചു പോരുന്ന ഒരു കുടുംബത്തിലെ അംഗം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലെ മൃഗ സ്‌നേഹികളുടെ ഉപദേശമോ ഭീഷണിക്കോ ഒരു നയാപൈസയുടെ വിലപോലും നല്‍കാന്‍ താല്‍പ്പര്യം ഇല്ല.
അപ്പോ,
ഫേസ്ബുക്ക് മൃഗസ്‌നേഹികള്‍ അവരുടെ ജോലി തുടരട്ടെ..
എന്റെ നാടിന് വേണ്ടി എനിക്ക് ചെയ്യാന്‍ ഉള്ളത് ഞാനും ചെയ്യട്ടെ…

സംഭവത്തില്‍ തിരുവനന്തപുരം ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസ് കഴിഞ്ഞ ദിവസം കെ.സുനിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മൊഴിയെടുത്തിരുന്നു. തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്റെ ലൈസന്‍സും തോക്കിന്റെ രേഖകളും പോലിസ് പരിശോധിക്കുകയും ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച പകലും രാത്രിയിലുമായാണ് ചക്കിട്ടപ്പാറയെ ഭീതിയിലാഴ്ത്തി പേപ്പട്ടി ആക്രമണമുണ്ടായത്. നരിമടയില്‍ ഒരു പശുവിനേയും കിടാവിനേയും ഭ്രാന്തന്‍ നായ കടിച്ചിരുന്നു. ഈ കിടാവിനെ പരിചരിച്ച ഭാസ്‌കരന്‍മുക്കിലെ ചെറുവലത്ത് മീത്തല്‍ റാണിയും പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള വാര്‍ഡിലെ നാല് പശുക്കളെയും അഞ്ചോളം പട്ടികളെയും നായ കടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആശങ്കയറിയിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് കെ.സുനില്‍ നായയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.

ഭ്രാന്തന്‍ നായയില്‍നിന്നു തങ്ങളെ പ്രസിഡന്റ് സംരക്ഷിക്കുകയായിരുന്നുവെന്നും കേസ് അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് പ്രദേശവാസികള്‍.

summery: chakkittapara panchayath president k sunil kumar said that he and his family are facing cyber attacks because of that shooting of a street dog with rabies