വന്യമൃഗങ്ങളില്‍ നിന്നും വേണം സംരക്ഷണം; ചക്കിട്ടപാറ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു


ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സര്‍വ്വകക്ഷി യോഗം സംഘടിപ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്ത് പരിധിയിലെ ഇരുപത്തിരണ്ട് കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഹങ്ങിങ് ഫെന്‍സിങ് സ്ഥാപിച്ചു കൊണ്ടും ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കാന്‍ സാധിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ റെയില്‍ ഫെന്‍സിങ്, ട്രഞ്ച്, മതില്‍, സോളാര്‍ ഫെന്‍സിങ് എന്നിങ്ങനെ സ്ഥാപിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ തീരുമാനിച്ചു. വനം വകുപ്പ് നേതൃത്വത്തില്‍ നടത്തുന്ന ഹാങ്ങിങ് ഫെന്‍സിങ് 2023 ഡിസംബറോട് കൂടെ പൂര്‍ത്തിയാക്കുമെന്ന് വന വകുപ്പ് അധികൃതര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.

കര്‍ഷകരുടെ ഭൂമിയില്‍ ഇപ്പോള്‍ നടക്കുന്ന അനധികൃതമായ സര്‍വ്വേ അടിയന്തിരമായി നിര്‍ത്തി വെക്കാന്‍ വനം വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നടന്ന ഉന്നതതല യോഗം കൃഷിക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഒരിഞ്ചു ഭൂമിയില്‍ പോലും വനം വകുപ്പിന് പ്രവേശിക്കാന്‍ അനുവദിക്കേണ്ടതില്ല എന്നു തീരുമാനിച്ചു വിവരം യോഗത്തില്‍ അറിയിക്കുകയുണ്ടായി. പൂഴിത്തോട് സ്വയം പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സെപ്റ്റംബര്‍ 30നകം നഷ്ടപരിഹാരം നല്‍കണമെന്ന് തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.വി ബിജു, ഡെപ്യൂട്ടി റെയിഞ്ചര്‍ ബൈജുനാഥ്, പഞ്ചായത്തംഗങ്ങളായ കെ.എ ജോസുകുട്ടി, ജിതേഷ് മുതുകാട്, സി.കെ ശശി, വില്ലേജ് ഓഫീസര്‍ പി.വി സുധി, ബേബി കാപ്പുകാട്ടില്‍, എം.എ മത്തായി, ഷാജു വിലങ്ങുപാറ എന്നിവര്‍ പങ്കെടുത്തു.