അക്രമകാരികളായ പട്ടികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കണം, അല്ലാതെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍


ചക്കിട്ടപ്പാറ: അക്രമകാരികളായ പട്ടികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ മാത്രമേ തെരുവുനായ പ്രശ്‌നം പരിഹരിക്കാനാവൂവെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു. അങ്ങനെ തയ്യാറായില്ലെങ്കില്‍ തെരുവുനായ ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പേ പിടിച്ച നായകള്‍ പൈശാചികമായാണ് തെരുവില്‍ ജനങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അക്രമകാരികളായ പട്ടികളെ കൊല്ലാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പട്ടിയെ വെടിവെക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നിയമം മാറ്റാതെ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ല. പത്തനംതിട്ടയില്‍ ഒരു പെണ്‍കുട്ടി തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ടു. കൂത്താളി പഞ്ചായത്തില്‍ ഒരു സ്ത്രീ മരണപ്പെട്ടു. അന്ന് പട്ടിയെ വെടിവെക്കാന്‍ ഉത്തരവ് കൊടുത്തില്ലായിരുന്നെങ്കില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലുമുണ്ടായേനെ ഇതുപോലെയുള്ള മരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.