‘മനുഷ്യന്റെ ജീവനും സ്വത്തും അപകടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പഞ്ചായത്തിന് ഇടപെടാം; വെടിവെക്കാന്‍ ഉത്തരവിട്ടത് നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്ന് മനസിലാക്കി കൊണ്ടുതന്നെയാണ്” ചക്കിട്ടപ്പാറയില്‍ ഭീതി വിതച്ച ഭ്രാന്തന്‍ നായയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: സംസ്ഥാനത്ത് ആദ്യമായി ഒരു നായയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തിലൊരു വെടിവെപ്പിന് നിര്‍ദേശം നല്‍കുന്നത്. കൊല്ലപ്പെട്ട പട്ടിക്ക് പേവിഷബാധയില്ലെങ്കില്‍ നിയമനടപടിയടക്കം നേരിടേണ്ടിവരും എന്ന് ബോധ്യമുണ്ടായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വമേധയാ ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു.
മനുഷ്യന്റെ ജീവനും സ്വത്തിനും അപകടം വരുത്തുന്ന ഏത് അവസരത്തിലും പ്രാദേശിക ഭരണകൂടം എന്ന നിലയില്‍ പഞ്ചായത്തിന് ഇടപെടാമെന്നും അതാണ് താന്‍ ചെയ്തിരിക്കുന്നതെന്നുമാണ്് സംഭവത്തെക്കുറിച്ച് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ‘പഞ്ചായത്ത് എന്നത് പ്രാദേശിക ഗവണ്‍മെന്റാണ്. അവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാവുന്ന സാഹചര്യം ഉണ്ടായാല്‍ അതിനെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം പ്രസിഡന്റിനുണ്ട്. അതിന്റെ ഭാഗമായി എന്തെങ്കിലും ഭവിഷ്യത്ത് വന്നാല്‍ വരട്ടെയെന്ന് കരുതും. മനുഷ്യനെ കൊല്ലുന്നത് വരെ കാത്തിരിക്കാനാവില്ലല്ലോ. ഈ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്‌കൂളാണ്. അവിടെയുള്ള കുട്ടികളെ ഇത് ആക്രമിക്കുന്ന സാഹചര്യം ഉണ്ടാക്കാതെ നോക്കേണ്ടതുണ്ട്. വെടിവെച്ചാല്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്ന് മനസിലാക്കി കൊണ്ടുതന്നെയാണ് വെടിവെക്കാന്‍ അധികാരം കൊടുത്തത്.’ അദ്ദേഹം പറഞ്ഞു.
പശുക്കളും കിടാവുകളും പട്ടികളും അടക്കം നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു, ഓടി രക്ഷപ്പെട്ടതാണ്. തൊഴിലുറപ്പ് തൊഴിലാളികളെയും ഓടിച്ചിരുന്നു. പട്ടി കടിച്ച ജീവികളെ മൃഗഡോക്ടര്‍ പരിശോധിച്ചിരുന്നു. പേപ്പട്ടി കടിച്ചാലുണ്ടാകുന്നതിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പട്ടിയെ വെടിവെച്ചുകൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച പകലും രാത്രിയിലുമായി ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച നായയെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം വെടിവെച്ചു കൊന്നത്. പുക്കോട് വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനത്തില്‍ പട്ടിയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പട്ടിയുടെ കടിയേറ്റ മൃഗങ്ങളെയും കൊല്ലേണ്ടിവരും. ഇല്ലെങ്കില്‍ അവയില്‍ നിന്നും കൂടുതല്‍ മൃഗങ്ങള്‍ക്ക് പേവിഷബാധ ബാധിക്കാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തണ്ടര്‍ബോള്‍ട്ട് സുരക്ഷയില്‍ സഞ്ചരിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ കെ.സുനില്‍ നേരത്തെയും വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയിരുന്നു. പെരുവണ്ണാമൂഴി മുതുകാട് മേഖലകളില്‍ പല തവണ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസിലും സമീപത്തെ വീടുകളിലുമാണ് ഇവര്‍ എത്തിയത്. അവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് കെ.സിനിലിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റ് കെ.സുനിലിന് തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയത്. മാവോയിസ്റ്റ് വേട്ടയ്ക്കായി പ്രത്യേക പരിശീലനം ലഭിച്ച സേനാ വിഭാഗമാണ് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍. കെ.സുനില്‍ പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതും പോവുന്നതും തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷയിലാണ്.
Summary: Chakkittapara panchayat president K Sunil explains thesituation that cause to shoot and kill rabies dog. it is the first incident in kerala.