”ഇത് ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നിലപാടിനുള്ള അംഗീകാരം”: തെരുവ് നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ച ആവശ്യത്തെക്കുറിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍
പേരാമ്പ്ര: അക്രമകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത് ഈ വിഷയത്തില്‍ നേരത്തെ ചക്കിട്ടപ്പാറ പഞ്ചായത്ത് സ്വീകരിച്ച സമീപത്തിനുള്ള അംഗീകാരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍.
പഞ്ചായത്തിലെ നരിനടയില്‍ ഭീതിവിതച്ച പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ നിര്‍ദേശം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി വലിയ ചര്‍ച്ചയായിരുന്നു. പ്രസിഡന്റിന്റെ നിലപാടിനെതിരെ മൃഗസ്‌നേഹി സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെ മൃഗസ്‌നേഹി സംഘടനകള്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് കെ.സുനിലിന്റെ പ്രതികരണം.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഉള്ള ഉത്തരവാദിത്വം മുന്‍ നിര്‍ത്തിയാണ് ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു ഉത്തരവും നടപടിയും ഉണ്ടായിട്ടുള്ളതെന്നും സുനില്‍ പറഞ്ഞു. അകമകാരികളായ തെരുവ് നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം എന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് മുന്നോട്ടുവെച്ച നിര്‍ദേശം കേരളത്തിലെ പൊതു സമൂഹം ഏറ്റെടുത്തിരുന്നു. ഈ നിലപാടിന് കൂടുതല്‍ അംഗീകാരം എന്ന നിലയിലാണ് സംസ്ഥാന സര്‍കാര്‍ തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യ ജീവന് പ്രാധാന്യം നല്‍കുന്ന നിലയില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുന്നോട്ടു വച്ച ഈ നിലപാട് സുപ്രീം കോടതി അംഗീകരിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.