ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ പൊന്‍തിളക്കവുമായി ചക്കിട്ടപ്പാറയുടെ താരങ്ങള്‍; ജിന്‍സന്‍ ജോണ്‍സനും നയന ജെയിംസിനും സ്വര്‍ണം
തിരുവനന്തപുരം: ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സില്‍ ചക്കിട്ടപ്പാറ സ്വദേശികളായ ജിന്‍സന്‍ ജോണ്‍സനും നയന ജെയിംസിനും സ്വര്‍ണം. 1,500 മീറ്ററിലാണ് ജിന്‍സന്‍ ജോണ്‍ന്റെ സുവര്‍ണ നേട്ടം. ട്രിപ്പിള്‍ ജംപിലാണ് നയന സ്വര്‍ണം സ്വന്തമാക്കിയത്.
1500 മീറ്ററില്‍ ദേശീയ റെക്കോഡിനുടമയായ ജിന്‍സണ്‍ ജോണ്‍സണ്‍ 3 മിനിട്ട് 44.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുവര്‍ണ താരമായത്. വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ 13.22 മീറ്റര്‍ ചാടി നയനാ ജയിംസ് സ്വര്‍ണം സ്വന്തമാക്കി. 13.19 മീറ്റര്‍ മറികടന്ന കേരളത്തിന്റെതന്നെ ഗായത്രി ശിവകുമാറാണ് രണ്ടാമതെത്തിയത്.
സീസണിലെ രണ്ടാം ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്‌സില്‍ കേരളത്തിന് ഏഴ് സ്വര്‍ണവും നാല് വെള്ളിയുമാണുള്ളത്. ജമ്പിങ് പിറ്റില്‍നിന്നും ട്രാക്കില്‍നിന്നും മൂന്ന് വീതം സ്വര്‍ണവും പോള്‍വോള്‍ട്ടില്‍ ഒരു സ്വര്‍ണവുമാണ് മലയാളിതാരങ്ങള്‍ സ്വന്തമാക്കിയത്.
നയനയ്ക്കും ജിന്‍സണും പുറമെ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് എല്‍ദോസ് പോള്‍ ട്രിപ്പിള്‍ജമ്പില്‍ 16.27 മീറ്ററോടെ ഒന്നാമതെത്തി. പുരുഷന്മാരുടെ ലോങ്ജമ്പില്‍ 7.72 മീറ്റര്‍ ചാടി നിര്‍മല്‍ സാബുവും സ്വര്‍ണം നേടി. പുരുഷന്മാരുടെ 200 മീറ്ററില്‍ മലയാളിതാരം ഒളിമ്പ്യന്‍ മുഹമ്മദ് അനസ് 21.54 സെക്കന്‍ഡില്‍ സുവര്‍ണനേട്ടത്തിന് ഉടമയായി.
പുരുഷന്മാരുടെ 400 മീറ്ററില്‍ 46.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കേരളത്തിന്റെ വി മുഹമ്മദ് അജ്മല്‍ ഒന്നാമതെത്തി. വനിതകളുടെ പോള്‍വോള്‍ട്ടില്‍ 3.10 മീറ്റര്‍ താണ്ടി മാളവികാ രാജേഷും കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കി.
summary: Chakkittapara natives Jinson Johnson and Nayana James win gold in Indian Grandpree Athletics