സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി മാറാനൊരുങ്ങി ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത്; വൊളന്റിയർ ശില്പശാല നടന്നു


പെരുവണ്ണാമൂഴി : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്താക്കി മാറ്റാൻ പദ്ധതി. ഇതിന്റെ ഭാ​ഗമായി 15 വാർഡിലെയും വൊളന്റിയർമാർക്ക് പരിശീലനം നൽകി. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തും സേവാസ് പദ്ധതിയും ചേർന്നാണ് ഡിജി കേരളയുടെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.

[md1]

സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങളെയും അടിസ്ഥാന ഡിജിറ്റൽ സാക്ഷരരാക്കി വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യം. സർക്കാർ നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ പ്രാപ്തമാക്കും. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷയായി. സ്ഥിരംസമിതി ചെയർമാൻമാരായ ഇ.എം. ശ്രീജിത്ത്, സി.കെ. ശശി, വി.കെ. ബിന്ദു, പി.കെ. ഹിമ, ഡിജി കേരള നോഡൽ പ്രേരക് സി. ഗോവിന്ദൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സീന, ബ്ലോക്ക് കോഡിനേറ്റർ, എം. ലിമേഷ്, പി.പി. ലിനീഷ് എന്നിവർ സംസാരിച്ചു. സേവാസിന്റെ ഭാഗമായി മറ്റു പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടത്തുന്നുണ്ട്.