സാങ്കേതിക പ്രശ്‌നങ്ങള്‍ വഴിമുടക്കുന്നു; ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററിനുള്ള കെട്ടിടനിര്‍മാണം ഇതുവരെ തുടങ്ങിയില്ല
പെരുവണ്ണാമൂഴി: ടെന്‍ഡര്‍ നല്‍കിയിട്ടും ചക്കിട്ടപ്പാറയിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.പി.എഡ് സെന്ററിനുള്ള കെട്ടിട നിര്‍മാണം തുടങ്ങാനായില്ല. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് കെട്ടിടനിര്‍മ്മാണം മുടങ്ങാന്‍ കാരണം.
പഞ്ചായത്തിന്റെ പെര്‍മിറ്റ് ഇതുവരെ ലഭിക്കാത്തതാണ് കെട്ടിടനിര്‍മാണം വൈകാന്‍ ഇടയാക്കുന്നത്. പഞ്ചായത്തിന്റെ പെര്‍മിറ്റിനായുള്ള അപേക്ഷ മൂന്നുമാസം മുമ്പ് യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ വിസ്തൃതി 1500 ചതുരശ്ര മീറ്ററില്‍ കൂടുതലായതിനാല്‍ ടൗണ്‍പ്ലാനിങ് വിഭാഗം പരിശോധന നടത്തി പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ കാരണമാണ് നിര്‍മ്മാണം വൈകുന്നത്.
അതിനിടെ പഞ്ചായത്തിന് നല്‍കിയ പ്ലാനില്‍ കൃത്യതയില്ലെന്നും അതിനാല്‍ പ്ലാന്‍ മാറ്റി സമര്‍പ്പിക്കാനും പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ബില്‍ഡിങ് പെര്‍മിറ്റിനായി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്ഥലത്തിന്റെ സ്‌കെച്ചും അനുമതിക്കായി ആവശ്യമുണ്ട്. റീസര്‍വേ നടക്കാത്ത ഭൂമിയായതിനാല്‍ അതിനുമുന്നോടിയായി റീസര്‍വേയും നടക്കണം. ഇതിനായി യൂണിവേഴ്‌സിറ്റി അധികൃതര്‍ കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കെട്ടിടനിര്‍മാണത്തിനായി 1.25കോടി രൂപയാണ് യൂണിവേഴ്‌സിറ്റി അനുവദിച്ചത്. ചക്കിട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ബി.എഡ് സെന്റര്‍ കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ബി.പി.എഡിന് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നാല് ക്ലാസ് മുറികള്‍ കെട്ടിടത്തിലുണ്ടാകും.
mid3]