പാലേരിയിലെ കുഞ്ഞ് ഇവാനെ നെഞ്ചോട് ചേർത്ത് ചക്കിട്ടപാറയിലെ അമ്മമാർ; കുടുംബശ്രീ സിഡിഎസ് സമാഹരിച്ച തുക കൈമാറി


പേരാമ്പ്ര: പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ കെെമെയ്മറന്ന് നാടൊന്നാകെ അണിചേർന്ന് ധനസമാഹരണം നടത്തുകയാണ്. രണ്ട് മാസത്തിനുള്ളിൽ 18 കോടി രൂപ കണ്ടെത്തുകയെന്ന തീവ്രയജ്ഞത്തിന്റെ പുറകിലാണ്ലാ നാടും നാട്ടുകാരും. കുഞ്ഞ് ഇവാനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് ചക്കിട്ടപ്പാറയിലെ അമ്മമാർ. ചക്കിട്ടപ്പാറയിലെ കുടുംബശ്രീ സി.ഡി.എസ് അം​ഗങ്ങളും ധനസമാഹരണത്തിന്റെ ഭാ​ഗവാക്കായി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ സി.ഡി.എസ് അം​ഗങ്ങൾ സമാഹരിച്ച തുക ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരിക്ക് കൈമാറി.

കല്ലുള്ളതില്‍ നൗഫല്‍-ജാസ്മിന്‍ ദമ്പതികളുടെ മകനാണ് ഇവാന്‍. മാരകമായ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഇവാന്റെ ചികിത്സയ്ക്ക് 18 കോടി രൂപയുടെ മരുന്ന് ആവശ്യമാണ്. 18 കോടിയിലധികം ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളില്‍ ഒന്നായ സൊള്‍ജെന്‍സമ എന്ന ഇന്‍ഞ്ചെക്ഷന്‍ എത്രയും പെട്ടെന്ന് നല്‍കിയാലേ ഇവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കൂ. ഒന്നരമാസത്തിലേറെയായി അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് നൗഫലും കുടുംബവും. എല്ലാ പിന്തുണയും സഹായവുമായി പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും ഒപ്പമുണ്ട്. എങ്കിലും ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് എളുപ്പമല്ല. വിവിധ ചലഞ്ചുകൾ നടത്തി സംഘടനകളും ക്ലബുകളും ഇവാനെ ചേർത്ത് പിടിച്ചു. കൊച്ചു കുട്ടികൾ മുതൽ പ്രായഭേദമന്യേ എല്ലാവരും പൂർണ്ണ പിന്തുണയേകി കൂടെയുണ്ടെന്നത് ആശ്വാസമാണ്.

ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ശോഭ പട്ടാണികുന്നേൽ, വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, ഇ എം ശ്രീജിത്ത്, ബിന്ദു സജി, ബിനീഷ ദിനേശൻ, പി എസ് പ്രവീൺ എന്നിവർ പങ്കെടുത്തു.

Summary: Chakitapara kudumbasree cds gave money for muhammed ivan treatment