‘അവാര്‍ഡ് ലഭിച്ചതിലൂടെ സിനിമ കൂടുതല്‍ പേരിലേക്ക് എത്തി, സിനിമ വെറും വിനോദോപാധി മാത്രമല്ല’; മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘കാടകല’ത്തിന്റെ രചയിതാവും ചക്കിട്ടപാറ സ്വദേശിയുമായ ജിന്റോ തോമസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്‌


പേരാമ്പ്ര: ചക്കിട്ടപാറ സ്വദേശിയുടെ തിരകഥയില്‍ വിരിഞ്ഞ ചിത്രമാണ് കാടകലം. നിലവില്‍ നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍. മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗാനരചന എന്നീ വിഭാഗങ്ങളിലായി രണ്ട് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ കണ്ണീര്‍ കുടഞ്ഞു എന്ന ഗാനത്തിന്റെ രചനയ്ക്കാണ് ബി കെ ഹരിനാരായണന്‍ അവാര്‍ഡിന് അര്‍ഹനായത്. ചിത്രം പുതിയ അംഗീകാരങ്ങള്‍ നേടിയ സന്തോഷം പേരാമ്പ്ര ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് തിരകഥാകൃത്ത് ജിന്റോ തോമസ്.

ഞങ്ങളുടെ സിനിമയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. കുറഞ്ഞ ആളുകള്‍ ഉള്‍പ്പെടുന്ന ചെറിയ ക്രൂവില്‍ നിന്നാണ് സിനിമ പിറക്കുന്നത്. രാജ്യാന്തര അതിര്‍ത്തികല്‍ ബേധിച്ച് അന്താരാഷ്ട്ര തലങ്ങളിലേക്ക് സിനിമയ്ക്ക് എത്താന്‍ സാധിച്ചു. കഥയും അതേപോലെ അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് സിനിമയുടെ വിജയം. പുതിയ അംഗീകാരം ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി, സിനിമയും സിനിമ സംസാരിക്കുന്ന വിഷയവും കൂടുതല്‍ പേരിലേക്ക് എത്തി എന്നതാണ് ഓരോ അംഗീകാരങ്ങള്‍ ലഭിക്കുമ്പോളും നല്‍കുന്ന സംതൃപ്തി. സിനിമ എന്നത് വെറുമോരു വിനോദോപാധി മാത്രമല്ല, സാമൂഹികമായ പല കാര്യങ്ങളും സിനിമയിലൂടെ ചര്‍ച്ചചെയ്യാന്‍ സാധിക്കും. അതിന്റെ അവതരണത്തിലൂടെ നമുക്ക് ആശയം ജനങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യാം. അതാണ് കാടകലം ചെയ്യുന്നത്.

ചെറുപ്പത്തില്‍ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലന്‍ കുഞ്ഞാപ്പുവിന്റെ കഥപറയുന്ന ചിത്രമാണ് കാടകലം. ചിത്രത്തിന്റെ സംവിധായകനായ ഡോക്ടര്‍ ഷഗില്‍ രവീന്ദ്രന്‍ വളരെ അവിചാരിതമായി ഒരു ആദിവാസി ബാലനെ കണ്ടുമുട്ടുന്നു. ഈ ബാലന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുഖേന അദ്ദേഹം എന്നോട് പങ്കുവെച്ചു. തുടര്‍ന്നാണ് ഞങ്ങളിരുവരും ചേര്‍ന്ന് തിരകഥ രചിക്കാന്‍ തീരുമാനിച്ചത്. എഴുതുമ്പോള്‍ ഇത്ര ഉയരങ്ങളിലെത്തുമെന്നു കരുതിയിരുന്നില്ല. എന്നാല്‍ ചിത്രീകരണ സമയത്ത് മികച്ച പ്രകടനമാണ് അഭിനേതാക്കള്‍ കാഴ്ചവെച്ചത്. മാസ്റ്റര്‍ ഡാവിഞ്ചിയുടെ അഭിനയം ഒരുപാട് പ്രതീക്ഷകള്‍ തന്നിരുന്നു. അവരുടെ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുമെന്നുറപ്പുണ്ടായിരുന്നു.

ചെറുപ്പത്തില്‍ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലന്‍ കുഞ്ഞാപ്പുവിന് എല്ലാം അച്ഛന്‍ മുരുകനാണ്. മുരുകന്‍ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താന്‍ ജീവിക്കുന്ന കാട്ടില്‍ ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു. ഊരിലെ ഏകാധ്യാപക വിദ്യാലയത്തിലെ പഠന ശേഷം അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അവന്‍ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും സുപരിചിതമല്ലാത്ത നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്നതും പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ ജീവിതവുമാണ് കഥാപ്രമേയം. മാസ്റ്റര്‍ ഡാവിഞ്ചിയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്. നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തും ചലച്ചിത്രതാരം കോട്ടയം പുരുഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിലെ കണ്ണീര്‍ കുടഞ്ഞു എന്ന് തുടങ്ങുന്ന ഗാനത്തിന് റിലീസായപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത്. ബി കെ ഹരിനാരായണന്റെ വരികളില്‍ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാല്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരുന്നു. ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.

പെരിയാര്‍വാലി ക്രിയേഷന് വേണ്ടി ഷഗില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ബ്രിട്ടനില്‍ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ് ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലെക്ഷന്‍ നേടി. കോട്ടയത്ത് നടന്ന റെയിന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്കാണ് കാടകലം എത്തിച്ചേര്‍ന്നത്. കൂടാതെ ധന്‍ബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം സെലക്ഷന്‍ നേടിയിട്ടുണ്ട്. ഇതിനു മുന്‍പ് ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് കാടകലം നേടിയിരുന്നു.

പ്രതിലിപി റീഡിംഗ് ആപ്പ് നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്റെ പണിപ്പുരയിലാണ് ജിന്റോ തോമസിപ്പോള്‍. തിരകഥാകന്റെ കുപ്പായത്തില്‍ നിന്ന് സംവിധാനത്തിലേക്ക് ചുവടുമാറ്റവുമായാണ് അദ്ദേഹം വീണ്ടും പ്രേഷകരിലേക്കെത്തുന്നത്. പ്രമുഖ സിനി-സീനിയല്‍ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.