സംസ്ഥാനം സമർപ്പിച്ച പദ്ധതിയിൽ മാറ്റം വരുത്തണം; കെ.റെയിൽ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്


തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിൽ നിലവിൽ സംസ്ഥാനം സമർപ്പിച്ച പദ്ധതി രേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താൻ സർക്കാർ തയ്യാറായാൽ പദ്ധതി നടപ്പിലാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സില്‍വർലൈൻ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് റയില്‍വേ മന്ത്രി പറയുന്നു. ആ തടസങ്ങള്‍ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ സന്നദ്ധമാണ്. ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവുമായ പാരിസ്ഥിതികവുമായ പ്രശ്നത്തിന് പരിഹാരമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരുമായി സഹകരിച്ച്‌ മുന്നോട്ടു പോകണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതി രേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് റെയില്‍വേ മന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരു മുതല്‍ ഷോർണൂർ വരെ നാലുവരി റെയിൽ പാതയും ഷോർണൂർ മുതല്‍ എറണാകുളം വരെ മൂന്ന് വരിയും സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു.

എറണാകുളം മുതല്‍ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് 3 ലൈനുകള്‍ സ്ഥാപിക്കും. അതിനുള്ള സ്ഥലം ഏറ്റെടുത്ത നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കും. കേരളത്തിലെ 35 റെയില്‍വേ സ്റ്റേഷൻ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.

ശബരി റയിലുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിർദ്ദേശങ്ങള്‍ സംസ്ഥാന സർക്കാർ കൈമാറിയുന്നു. കേന്ദ്രസർക്കാർ പദ്ധതി യാഥാർത്ഥ്യമാക്കും. കേരള സർക്കാർ പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ‌മഹാരാഷ്ട്രയില്‍ റെയില്‍വേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാർ ഉണ്ടാക്കും. ആ കരാറിന അടിസ്ഥാനപ്പെടുത്തി പദ്ധതി പൂർത്തിയാക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Summary: The plan submitted by the State should be modified; Central Railway Minister Ashwini Vaishnav said that he is willing to implement the K.Rail project