കർണ്ണാടകയിലേക്കുള്ള ബദൽപാത അനിശ്ചിതത്വത്തിൽ; നിർദ്ദിഷ്ട പുറക്കാട്ടിരി- കുറ്റ്യാടി – മാനന്തവാടി- കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ


കുറ്റ്യാടി: കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി- കുറ്റ്യാടി- മാനന്തവാടി- കുട്ട ഗ്രീൻഫീല്‍ഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. പദ്ധതി സംബന്ധിച്ച്‌ യാതൊരു നിർദേശവും കേന്ദ്ര സർക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് ഷാഫി പറമ്പിബില്‍ എം.പിയെ കേന്ദ്ര സർക്കാർ അറിയിച്ചു.

വയനാട്ടിലേക്കുള്ള യാത്ര പ്രശ്നത്തിനും താമരശ്ശേരി ചുരത്തില്‍ ദിനംപ്രതി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ബദല്‍ മാർഗമായി നിർദേശിക്കപ്പെട്ട പദ്ധതിയാണ് അവഗണിക്കപ്പെടുന്നത്. പ്രസ്തുത ഹൈവേ പദ്ധതിക്ക് 7134 കോടി രൂപ വകയിരുത്തിയതായി മൂന്നുകൊല്ലം മുമ്പ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പ്രഖ്യാപിക്കുകയും വയനാട് എം.പി രാഹുല്‍ ഗാന്ധിയെ രേഖാമൂലം അറിയിച്ചതുമാണ്.

ഫണ്ട് വകയിരുത്തിയശേഷം വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാൻ ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള പ്രോജക്റ്റ് കണ്‍സള്‍ട്ടൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. രാത്രികാല ഗതാഗത നിരോധനം ഇല്ലാത്തതും 24 മണിക്കൂർ ഗതാഗത സൗകര്യമുള്ളതും പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലാത്തതുമാണ് പ്രസ്തുത പാത. കൂടാതെ വന്യമൃഗ സംരക്ഷണം പ്രകൃതി സംരക്ഷണവും ഉറപ്പുനല്‍കുന്നതുമാണ്. ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്.

Summary: Alternative route to Karnataka uncertain; Central Govt scraps proposed Purakattiri-Kuttyadi-Mananthavadi-Kutta greenfield highway project