മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട, കളഞ്ഞുപോയ ഫോണ്‍ ദുരുപയോഗിക്കപ്പെടാതിരിക്കാനും കണ്ടെത്താനുമുള്ള അതിവേഗ സംവിധാനവുമായി കേന്ദ്ര സർക്കാർ


ദില്ലി: കളഞ്ഞുപോയ ഫോണ്‍ കണ്ടെത്താനുള്ള പുത്തന്‍ സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഫോൺ നഷ്ടപ്പെട്ട ആള്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തി അതിവേഗം പരാതി രജിസ്റ്റർ ചെയ്യാന്‍ സാധിക്കും.

ഫോൺ നഷ്ടപ്പെട്ടാല്‍ ഏറ്റവുമാദ്യം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്കണം.തുടര്‍ന്ന് വെബ്സൈറ്റിലും പരാതി സ്വയം രജിസ്റ്റർ ചെയ്യണം. സെൻട്രൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിലാണ് പരാതി രേഖപ്പെടുത്തേണ്ടത്. ഇന്റർനാഷനൽ മൊബൈൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പർ ഉള്ള ഫോണുകളുടെ വിവരങ്ങൾ മാത്രമേ പുതിയ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഫോൺ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച പരാതി സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റൽ കോപ്പിയും നിര്‍ബന്ധമായും ചേര്‍ക്കേണ്ടതുണ്ട്. ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിംകാർഡിലെ നമ്പറും ഇമെയിൽ അഡ്രസും നൽകിയാൽ നഷ്ടപ്പെട്ട ഫോൺ മറ്റാരും ഉപയോഗിക്കില്ലെന്ന് ഇതുവഴി ഉറപ്പിക്കാനാവും. ഒടിപി ലഭിക്കാനായി, പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറും ഇതോടൊപ്പം നൽകണം.

ഫോൺ വാങ്ങിയപ്പോൾ ലഭിച്ച ബില്ലിലും ബോക്‌സിലും ഐഎംഇഐ നമ്പർ ഉണ്ടാകും. അല്ലെങ്കിൽ ‌-*#06# ഡയൽ ചെയ്താലും മതി. നോ യുവർ മൊബൈൽ (കെവൈഎം) സേവനവും ഉപയോഗപ്പെടുത്താം. https://www.ceir.gov.in/Device/CeirIMEIVerification.jsp സിഇഐആർ വെബ്‌സൈറ്റ് വഴിയും വിവരങ്ങൾ തേടാവുന്നതാണ്.കെവൈഎം ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും സേവനങ്ങൾ ലഭ്യമാകും. ഇത് കൂടാതെ എസ്എംഎസ് വഴിയും അറിയാനാകും.

കെവൈഎം എന്ന് ടൈപ് ചെയ്ത ശേഷം ഐഎംഇഐ നമ്പർ നൽകുക. ശേഷം 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക. നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയാൽ അൺ ബ്ലോക്ക് ചെയ്യാനും എളുപ്പമാണ്. റിക്വെസ്റ്റ് ഐഡി, മൊബൈൽ നമ്പർ, എന്തു കാരണത്താലാണ് അൺബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ നല്കിയാൽ മതിയാകും. https://bit.ly/3lDm3Aw എന്നതാണ് പുതിയ വെബ്‌സൈറ്റിന്റെ ഹോം പേജിലേക്കുള്ള ലിങ്ക്.